കൊല്‍ക്കത്ത: മണിപ്പൂര്‍ കലാപത്തെ അപലപിച്ച് പശ്ചിമ ബംഗാള്‍ നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം പാസാക്കി. പ്രതിപക്ഷമായ ബി.ജെ.പിയുടെ എതിര്‍പ്പിനിടെയാണ് പ്രമേയം പാസാക്കിയത്.
അതേസമയം നിയമസഭയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെയും മുഖ്യമന്ത്രി മമത ബാനര്‍ജി അപലപിച്ചു.
‘മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, അത് ചെയ്യാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്ക് തരൂ. നിങ്ങള്‍ ഞങ്ങളുടെ അഭിപ്രായം തേടുകയാണെങ്കില്‍ നിങ്ങളെ സഹായിക്കാനും ഞങ്ങള്‍ തയ്യാറാണ്.
വിദേശയാത്രകള്‍ നടത്തുന്ന പ്രധാനമന്ത്രിക്ക് മണിപ്പൂരിലേക്ക് പോകാന്‍ കഴിയാത്തത് നാണക്കേടാണ്,’ മമത പറഞ്ഞു. പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്‌ക്കെതിരെ മോദി നടത്തിയ പരാമര്‍ശത്തെയും മമത വിമര്‍ശിച്ചു.
എന്നാല്‍ മണിപ്പൂര്‍ അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചതോടെ നിയമസഭ ബഹളത്തിന് സാക്ഷ്യം വഹിച്ചു. ടി.എം.സിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നത് സംബന്ധിച്ച് അടിയന്തര പ്രമേയം ആവശ്യപ്പെട്ടത് അംഗീകരിക്കാത്തതിനാല്‍ സമ്മേളനത്തിന്റെ ആദ്യ പകുതിയിലും ബി.ജെ.പി എം.എല്‍.എമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
പശ്ചിമ ബംഗാളിലും അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആരോപിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ നിയമസഭയില്‍ ബഹളം വച്ചു.
അതേസയം മണിപ്പൂരിലെ രണ്ട് കുകി വനിതകള്‍ക്ക് നേരെ സംഭവിച്ചത് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ഇന്ന് അഭിപ്രായപ്പെട്ടു. മറ്റ് സ്ഥലങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്ന് പറഞ്ഞ് ന്യായീകരിക്കരുതെന്നും കോടതി പറഞ്ഞു.
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച കേസ് പരിഗണിക്കവേ ബംഗാളിലും, രാജസ്ഥാനിലും, ഛത്തീസ്ഗഡിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന ഒരു അഭിഭാഷകന്റെ വാദത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ എല്ലാ ഭാഗങ്ങളിലും നടക്കുന്നുണ്ടെന്ന വസ്തുത പറഞ്ഞിട്ട് ഒരു നേട്ടവുമില്ല. മറ്റ് സ്ഥലങ്ങളിലും കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ് നിങ്ങള്‍ക്ക് മണിപ്പൂരിലെ സംഭവങ്ങളെ ന്യായീകരിക്കാന്‍ പറ്റില്ല,’ അദ്ദേഹം പറഞ്ഞു.
content highlights: mamatha banerjee about manipur