'രാജ്യത്ത് ഫാസിസ്റ്റ് അടിയന്തിരാവസ്ഥ'; കേന്ദ്രസര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവര്‍ പാക്കിസ്ഥാനികളെന്ന് മുദ്രകുത്തപ്പെടുന്നുവെന്നും മമത ബാനര്‍ജി
JNU
'രാജ്യത്ത് ഫാസിസ്റ്റ് അടിയന്തിരാവസ്ഥ'; കേന്ദ്രസര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവര്‍ പാക്കിസ്ഥാനികളെന്ന് മുദ്രകുത്തപ്പെടുന്നുവെന്നും മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2020, 1:59 pm

ന്യൂദല്‍ഹി: രാജ്യത്തെ സാഹചര്യം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രസര്‍വ്വകലാശാലയില്‍ ഇന്നലെ രാത്രി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു മമത. ഇത് ജനാധിപത്യത്തിനെതിരേയുള്ള ഗൂഢമായ ആക്രമണമാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആരെങ്കിലും കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ അവര്‍ പാകിസ്ഥാനികളായി മുദ്രകുത്തപ്പെടുമെന്നും രാജ്യത്ത് ഇത്തരത്തിലുള്ള ഒരു സാഹചര്യം മുമ്പൊന്നും ഉണ്ടായിട്ടില്ലെന്നും മമത കൂട്ടി ചേര്‍ത്തു.

ഇന്നലെയായിരുന്നു ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു സംഘം കാമ്പസില്‍ അക്രമം അഴിച്ചുവിട്ടത്. ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയുണ്ടായി. ചുറ്റികയും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം അധ്യാപകരെയും മര്‍ദ്ദിച്ചിരുന്നു.

എന്നാല്‍ സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ദല്‍ഹി പൊലീസ് മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിന്റെ നിയന്ത്രണത്തിലല്ലെന്നും പൊലീസ് സേന കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണെന്നും മമത പറഞ്ഞു.

‘ദല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ കീഴിലല്ല. മറിച്ച് കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ്. ഒരു ഭാഗത്ത് കൂടി അവര്‍ ബി.ജെ.പി ഗുണ്ടകളെ അയക്കുന്നു. മറ്റൊരു ഭാഗത്ത് കൂടി അവര്‍ പൊലീസിനെ നിഷ്‌ക്രിയരാക്കുന്നു. അധികാരത്തിലിരിക്കുന്നവരാണ് പൊലീസിനെ നിയന്ത്രിക്കുന്നതെങ്കില്‍ അവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും. ഇത് ഫാസിസ്റ്റ് അടിയന്തിരാവസ്ഥയാണ്.’ മമത ബാനര്‍ജി പറഞ്ഞു.

ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ആക്രമത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ