ഈ ദുര്യോധനന്മാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കൂ; ദുശാസനന്മാരായ ബി.ജെ.പിയെ പുറത്താക്കണം: മമതാ ബാനര്‍ജി
national news
ഈ ദുര്യോധനന്മാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കൂ; ദുശാസനന്മാരായ ബി.ജെ.പിയെ പുറത്താക്കണം: മമതാ ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st March 2023, 10:06 am

കൊല്‍ക്കത്ത: ബി.ജെ.പി ദുശാസനന്‍മാരാണെന്നും അവരെ പുറത്താക്കണമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമബംഗാളിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവേചനത്തിനെതിരെ ‘ഓര്‍ ഏക് ദഫാ ദല്‍ഹി ചലോ’എന്ന പേരില്‍ കുത്തിയിരിപ്പ് സമരം നടത്തിയ മമത അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് പോരാടണമെന്നും ആവശ്യപ്പെട്ടു.

‘ഈ ദുശാസന ബി.ജെ.പിക്കാരെ പുറത്താക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. രാജ്യത്തെ പാവപ്പെട്ടവരെയും ജനാധിപത്യത്തെയും രക്ഷിക്കാന്‍ ഈ ദുര്യോധന ബി.ജെ.പിയെ പുറത്താക്കണം,’ മമത കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും തുല്യ ദൂരം പാലിക്കുമെന്നും അവര്‍ പറഞ്ഞു.
നമ്മളെല്ലാവരും ബി.ജെ.പിക്കെതിരെ ഒരുമിച്ച് പോരാടണമെന്നും വേണ്ടി വന്നാല്‍ ദല്‍ഹിയില്‍ പോയി സമരം ചെയ്യുമെന്നും മമത പറഞ്ഞു.

‘നമ്മള്‍ എല്ലാവരും ബി.ജെ.പിക്കെതിരെ ഒരുമിച്ച് പോരാടണം. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കാത്തതിനും വേണ്ടി ദല്‍ഹി വരെ പോയി സമരം ചെയ്യും.

കേന്ദ്ര സര്‍ക്കാര്‍ നമുക്ക് കുടിശ്ശിക നല്‍കുമെന്ന ധാരണയിലായിരുന്നു ഞാന്‍. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല. ഏജന്‍സികളാല്‍ നയിക്കപ്പെടുന്ന സര്‍ക്കാരാണ് ബി.ജെ.പി സര്‍ക്കാര്‍. എല്ലാ പ്രതിപക്ഷ പാര്‍ട്ടിക്കാരും അഴിമതിക്കാരാണെന്ന് ചിത്രീകരിക്കുകയും അവര്‍ സ്വയം വിശുദ്ധരായി ചമയുകയും ചെയ്യുന്നു,’ മമത പറഞ്ഞു.

രാജ്യത്തെ പൗരന്മാരും ബി.ജെ.പിയും തമ്മിലുള്ള പോരാട്ടമായിരിക്കും 2024ലെ തെരഞ്ഞെടുപ്പെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയെ പരാജയപ്പെടുത്താനും ജനങ്ങളെ രക്ഷിക്കുവാനും മതങ്ങള്‍ക്കതീതമായി എല്ലാവരും ഒരുമിക്കേണ്ടതുണ്ടെന്നും മമത ആഹ്വാനം ചെയ്തു.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഡി.എ നല്‍കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെയും അവര്‍ വിമര്‍ശിച്ചു. ഇടതുപക്ഷ ഭരണ കാലത്ത് സി.പി.ഐ.എം ശിപാര്‍ശ പ്രകാരം ജോലി നേടിയവര്‍ സംസ്ഥാനത്തിന് മോശമായി പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ പറഞ്ഞു.

‘പശ്ചിമ ബംഗാളില്‍ നിന്ന് എല്ലാം ലഭിക്കുന്നവര്‍ ഇപ്പോള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നു. അവരുടെ പ്രവേശനത്തിന്റെ രേഖകള്‍ പരിശോധിക്കുവാന്‍ ഞാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണ്.

അവര്‍ പൊതുജനങ്ങളുടെ പണം വാങ്ങുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്യുന്നു,’ മമത പറഞ്ഞു.

കൊല്‍ക്കത്തയിലെ റെഡ് റോഡിലെ അംബേദ്കര്‍ പ്രതിമയ്ക്ക് സമീപമാണ് സമരം നടത്തിയത്. എം.ജി.എന്‍.ആര്‍.ഇ.ജി.എ ഫണ്ടുകളും ഭവന പൊതുമരാമത്ത് പദ്ധതികള്‍ക്കായുള്ള ഫണ്ടുകളും വെട്ടിക്കുറച്ചതിനെതിരെ ബുധനാഴ്ചയാണ് മമത സമരം ആരംഭിച്ചത്.

30 മണിക്കൂറോളം നടന്ന സമരം വ്യാഴാഴ്ച രാത്രി ഏഴ് മണിക്കകം അവസാനിക്കുകയായിരുന്നു.

content highlight: mamatha banarjee against bjp