കൊല്‍ക്കത്ത: ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണത്തില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തെ പിന്തുണച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങളുടെ നീതിക്കായുള്ള പോരാട്ടത്തിന് മുഴുവന്‍ ജനങ്ങളും കൂടെ നില്‍ക്കണമെന്ന് മമത ബാനര്‍ജി പറഞ്ഞു. രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ജനങ്ങളും കൂടെ നില്‍ക്കണമെന്നും സത്യം ജയിക്കുമെന്നും അവര്‍ പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു മമതയുടെ പ്രതികരണം.
‘നീതിക്കായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കൊപ്പം മുഴുവന്‍ ജനങ്ങളും അണി ചേരണം. അവര്‍ ഒരേ സ്വരത്തില്‍ നീതിക്കായി ആവശ്യപ്പെടുകയാണ്. കായിക താരങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. അവരാണ് യഥാര്‍ത്ഥ ചാമ്പ്യന്മാര്‍. രാഷ്ട്രീയം നോക്കാതെ കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. നീതി നടപ്പിലാകണം. സത്യം ജയിക്കണം,’ മമത ബാനര്‍ജി പറഞ്ഞു.
നേരത്തെ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ കായിക സിനിമ മേഖലകളില്‍ നിന്ന് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. മമത ബാനര്‍ജിക്ക് പുറമെ മുന്‍ ഹരിയാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയും സമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.
ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന കപില്‍ ദേവ്, സിനിമാ താരം സ്വര ഭാസ്‌കര്‍, ടെന്നീസ് താരം സാനിയ മിര്‍സ എന്നിവരും ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ഗുസ്തി താരങ്ങളുടെ സമരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷക്കെതിരെയും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. താരങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചെന്നാണ് പി.ടി. ഉഷ പറഞ്ഞത്.
നേരത്തെ ഗുസ്തി താരങ്ങളുടെ ലൈംഗിക ചൂഷണ പരാതി ശരിവച്ച് സായി മുന്‍ ഫിസിയോ പരഞ്ജീത് മാലിക് രംഗത്ത് വന്നിരുന്നു. മൂന്ന് ജൂനിയര്‍ വനിതാ ഗുസ്തിക്കാര്‍ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും തനിക്ക് മുന്നില്‍ അവര്‍ പൊട്ടിക്കരഞ്ഞെന്നുമാണ് പരഞ്ജീത് മാലിക് വെളിപ്പെടുത്തിയത്. ഇതിനെതിരെ വനിതാ കോച്ച് കുല്‍ദീപ് മാലിക്കിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരഞ്ജീത് മാലിക് വെളിപ്പെടുത്തിയിരുന്നു.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് ഞായറാഴ്ചയാണ് സാക്ഷി മാലിക്കും വിനേഷ് ഫോഗാട്ടുമുള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയിലും താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ നല്‍കിയ ഉറപ്പിനെ തുടര്‍ന്നായിരുന്നു അന്ന് പ്രതിഷേധം പിന്‍വലിച്ചത്.
Content Highlight: mamatha banargee tweet on protest against brij bhushan