ബി.ജെ.പിയുടെ ആരോപണം തെളിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് മമത; സുവേന്ദു അധികാരി ജന്മനാ നുണയനെന്ന് തൃണമൂല്‍
national news
ബി.ജെ.പിയുടെ ആരോപണം തെളിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് മമത; സുവേന്ദു അധികാരി ജന്മനാ നുണയനെന്ന് തൃണമൂല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th April 2023, 5:33 pm

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ പാര്‍ട്ടി സ്ഥാനം പുനസ്ഥാപിക്കാന്‍ മമത ബാനര്‍ജി അമിത് ഷായോട് ആവശ്യപ്പെട്ടെന്ന ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ ആരോപണത്തിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച മമത ബാനര്‍ജി ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ബി.ജെ.പിയുടെ രാഷ്ട്രീയ അടിമയാണ് സുവേന്ദു അധികാരിയെന്നും തന്റെ യജമാനന്‍മാരെ പ്രീതിപ്പെടുത്താനായി വ്യാജവാര്‍ത്ത പടച്ചുവിടുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും പ്രതികരിച്ചും. പാര്‍ട്ടിക്കെതിരെ ബി.ജെ.പി നടത്തുന്ന നാടകങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുമാണ് പാര്‍ട്ടിയുടെ തീരുമാനം.

‘സുവേന്ദുവിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ ഞാന്‍ എന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. തൃണമൂലിന്റെ ദേശീയ പാര്‍ട്ടി സ്ഥാനം തിരിച്ച് തരാനായി ഞാന്‍ അമിത് ഷായെ ഫോണ്‍ വിളിച്ചെന്നതിന് എന്തെങ്കിലും തെളിവ് ഹാജരാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും,’ മമത പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ഹൂഗ്ലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മമതക്കെതിരെ ആരോപണവുമായി സുവേന്ദു അധികാരി രംഗത്തെത്തിയത്. അമിത് ഷായുടെ രാജിക്ക് വേണ്ടി മുറവിളി കൂട്ടുന്ന മുഖ്യമന്ത്രി കുറച്ച് ദിവസം മുമ്പ് ദേശീയ പാര്‍ട്ടി സ്ഥാനം തിരിച്ച് തരാന്‍ വേണ്ടി അദ്ദേഹത്തോട് യാചിച്ചത് മറക്കരുതെന്നാണ് സുവേന്ദു അധികാരി പറഞ്ഞത്.

ഇതിന് പിന്നാലെ ബി.ജെ.പിയും തൃണമൂലും തമ്മില്‍ വാക്‌പോരും ആരംഭിച്ചിരുന്നു. സുവേന്ദു അധികാരി ജന്മനാ കള്ളളനാണെന്നും രാഷ്ട്രീയ നേട്ടത്തിനായി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തയാളാണെന്നുമാണ് തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷും പറഞ്ഞത്. ദേശീയ പാര്‍ട്ടി പദവിയൊന്നും തൃണമൂലിന്റെ വളര്‍ച്ചയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബംഗാളിന് പുറമെ മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കുള്ള സ്വാധീനം കുറഞ്ഞതും വോട്ട് വിഹിതത്തില്‍ ഇടിവ് സംഭവിച്ചതുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ പാര്‍ട്ടി പദവി റദ്ദാക്കന്‍ കാരണം.

Content Highlight: Mamatha banargee against suvendhu adhikari