| Sunday, 25th March 2018, 11:39 am

'ഞങ്ങള്‍ രാമനവമിയ്‌ക്കെതിരല്ല... എന്നാല്‍ അക്രമം കാണിച്ചാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ല'; ബി.ജെ.പിയ്ക്ക് മുന്നറിയിപ്പുമായി മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: രാമനവമി ആഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ക്ക് തുനിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നേരത്തെ റാലിക്കിടെയുണ്ടായ അക്രമത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ മറുപടി. ബി.ജെ.പിയുടെ ബംഗാള്‍ ഘടകത്തിന്റെ നേതൃത്വത്തിലാണ് രാമനവമി റാലി നടത്തുന്നത്. പരമ്പരാഗത ഇന്ത്യന്‍ ആയുധങ്ങളുമേന്തിയായിരിക്കും റാലിയെന്ന് നേരെത്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞിരുന്നു.


Also Read:  24 മണിക്കൂറിനുള്ളില്‍ യു.പിയില്‍ നടന്നത് ആറ് ഏറ്റുമുട്ടലുകള്‍, പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു


ഇതിന്റെ തുടര്‍ച്ചയെന്നോണം ഹൗറയിലേയും ഖാരഗ്പൂരിലെയും റാലിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആയുധങ്ങളേന്തിയായിരുന്നു റാലിയില്‍ പങ്കെടുത്തിരുന്നത്.

എന്നാല്‍ വിദ്വേഷം പരത്തുന്ന പ്രകടനങ്ങളെ അനുവദിക്കില്ലെന്നായിരുന്നു മമതയുടെ മറുപടി. ” തെമ്മാടിത്തരം ഒരിക്കലും അനുവദിച്ചുകൊടുക്കാനാകില്ല. കുറച്ച് സംഘടനകള്‍ മാത്രമെ പരമ്പരാഗത ആയുധങ്ങളുമായി റാലി നടത്തുന്നുള്ളൂവെന്നത് എനിക്കറിയാം. അവര്‍ക്ക് അതിനുള്ള അനുമതി വര്‍ഷങ്ങള്‍ക്കു മുന്‍പ് അനുവദിച്ചുകൊടുത്തിട്ടുള്ളതുമാണ്.” മമത കൂട്ടിച്ചേര്‍ത്തു.


Don”t Miss:  ഓര്‍മ്മയുണ്ടോ അന്ന് കോഴിക്കോട്ട് വെച്ച് ഓടിച്ചിട്ട് തല്ലിയ സുഡാനിയെ; സിനിമ കണ്ടപ്പോള്‍ ആ ഓര്‍മ്മ സങ്കടപ്പെടുത്തിയെന്നും അജീബ് കോമാച്ചി


എന്നാല്‍ പുതുതായി ചില സംഘടനകള്‍ അത്തരത്തിലുള്ള റാലികളുമായി മുന്നോട്ടുവരുന്നത് കാണുന്നുണ്ട്. അത് അനുവദിക്കാനാകില്ലെന്നും മമത പറഞ്ഞു. “ഞങ്ങള്‍ രാമനവമിയ്ക്ക് എതിരല്ല. പക്ഷെ എല്ലാ ആഘോഷങ്ങളും സമാധാനപരമായിരിക്കണം.”

സംസ്ഥാനത്തിന്റെ സമാധാനം രക്ഷിക്കാനും അഖണ്ഡത നശിപ്പിക്കുന്നവര്‍ക്കെതിരെ പോരാടാനും എല്ലാ ജനങ്ങളും ഒന്നിച്ചിറങ്ങണമെന്നും മമത പറഞ്ഞു. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.ജി.പി സുരജിത് കാര്‍ പുര്‍കായസ്തയോട് മമത നിര്‍ദ്ദേശിച്ചു.


Also Read:  മുഹമ്മദ് ഷമിയ്ക്ക് കാറപകടത്തില്‍ പരിക്ക്


അതേസമയം രാമനവമിയോടനുബന്ധിച്ച് വലിയ രീതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. കൊല്‍ക്കത്തയില്‍ മാത്രമായി ആറ് റാലികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസും രാമനവമി റാലിക്കായി തയ്യാറെടുക്കുന്നുണ്ട്. എന്നാല്‍ തൃണമൂല്‍ സംഘടിപ്പിക്കുന്ന റാലിയില്‍ ആയുധങ്ങളൊന്നുമുണ്ടാകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അരൂപ് റായ് അറിയിച്ചു.


Also Read:  ജെ.എന്‍.യു പതുക്കെ തകര്‍ക്കപ്പെടും; അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും റോമിലാ ഥാപ്പര്‍


അതേസമയം തൃണമൂല്‍ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കുന്നതിനെതിരെ ബി.ജെ.പി രംഗത്തെത്തി. ഇതുവരെ രാമനവമിയെ എതിര്‍ത്തവര്‍ ഇപ്പോള്‍ രാമനവമി സംഘടിപ്പിക്കാനുള്ള തത്രപ്പാടിലാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ രാമനവമി ആഘോഷത്തിനിടെയും ബംഗാളില്‍ സംഘര്‍ഷമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴി വിദ്വേഷകരമായ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയായിരുന്നു മമത സര്‍ക്കാര്‍ അന്ന് സ്വീകരിച്ചിരുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more