| Monday, 17th April 2017, 8:41 pm

നാരദയുടെ ഒളിക്യാമറയില്‍ കുടുങ്ങിയ 13 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ സി.ബി.ഐ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: നാരദയുടെ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയ 13 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ മദന്‍ മിത്ര, മുകുള്‍ റോയ്, സൗഗത റോയ് എന്നിവരുള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസ്.

2016 ലെ ബംഗാള്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് ഒളിക്യാമറ ഓപ്പറേഷന്റെ വീഡിയോ ദൃശ്യങ്ങള്‍ നാരദാ എല്ലാ ദൃശ്യ മാധ്യമങ്ങള്‍ക്കുമായി കൈമാറിയത്. അനധികൃത സഹായത്തിന് പലരില്‍ നിന്നുമായി മുതിര്‍ന്ന തൃണമൂല്‍ നേതാക്കള്‍ പണം വാങ്ങുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ കണ്ടത്.

നേരത്തെ, നാരദാ ന്യൂസ് സി.ഇ.ഒ മാത്യു സാമുവലിനെ ഈ ഒളികാമറ ഓപ്പറേഷന്റെ പേരില്‍ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. മാര്‍ച്ച് 17 നാണ് അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറി കൊണ്ട് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് ഒളികാമറ ഓപ്പറേഷന് വേണ്ടി ഉപയോഗിച്ച എല്ലാ സാധനങ്ങളും വീണ്ടെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു.


Also Read:‘കുഞ്ഞാലിക്കുട്ടി സാഹിബിന് അഭിനന്ദനങ്ങള്‍. പക്ഷേ…’; ആഹ്ലാദ പ്രകടനത്തിന് ശേഷം യു.ഡി.എഫിനെ ഈ ചോദ്യങ്ങള്‍ വേട്ടയാടുമെന്ന് മുഹമ്മദ് റിയാസ് 


ദേശീയ രാഷ്ട്രീയത്തില്‍ തൃണമൂലിന്റെ വളര്‍ച്ച തടയാന്‍ വേണ്ടി ബി.ജെ.പിയാണ് ഈ ഒളികാമറ ഓപ്പറേഷന്‍ നടത്തിയതെന്ന് നേരത്തേ വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനര്‍ജി ഉന്നയിച്ചിരുന്നു. തന്റെ പാര്‍ട്ടിയെയും നേതാക്കളെയും താഴ്ത്തിക്കെട്ടാന്‍ കൃത്രിമമായി ചമച്ചതാണ് വീഡിയോ ദൃശ്യങ്ങളെന്നും അവര്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more