ന്യൂദല്‍ഹി: ഏറെനാളത്തെ പോരിനു ശേഷം ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. തൃപ്തികരമെന്നും ഗുണകരമെന്നുമായിരുന്നു കൂടിക്കാഴ്ചയെ മമത തന്നെ വിശേഷിപ്പിച്ചത്.
ഇന്ന് ദല്‍ഹിയില്‍ മോദിയുടെ വീട്ടില്‍വെച്ചായിരുന്നു ഇരുവരും തമ്മില്‍ക്കണ്ടത്. എന്നാല്‍ മമത എതിര്‍ക്കുന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) വിഷയം ചര്‍ച്ചയിലെങ്ങും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.
എന്‍.ആര്‍.സി രാജ്യത്തുടനീളം നടപ്പാക്കുന്നതിനെ എതിര്‍ത്ത് ബംഗാളിലുടനീളം കഴിഞ്ഞയാഴ്ച മമതയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടന്നിരുന്നു.
ഈവര്‍ഷം മേയില്‍ മോദിസര്‍ക്കാര്‍ രണ്ടാംവട്ടം അധികാരത്തിലേറിയ ശേഷം ആദ്യമായാണ് മമത അദ്ദേഹത്തെ കാണുന്നത്. 2018 മേയിലായിരുന്നു അവസാന കൂടിക്കാഴ്ച. വിശ്വഭാരതി സര്‍വകലാശാലയിലെ പരിപാടിയില്‍ മോദി പങ്കെടുക്കാനെത്തിയപ്പോള്‍ ശാന്തിനികേതനില്‍ വെച്ചായിരുന്നു അത്.
മോദിക്കായി മധുര പലഹാരങ്ങളും ബൊക്കെയും കൊണ്ടാണ് മമത എത്തിയത്. മോദിയുടെ ജന്മദിനത്തിന് ഒരുദിവസത്തിനു ശേഷമായിരുന്നു കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയമില്ലാത്ത കൂടിക്കാഴ്ചയാണെന്നായിരുന്നു മമത ഇതിനെ വിശേഷിപ്പിച്ചത്.
‘ബി.ജെ.പിക്ക് അവര്‍ക്കാവശ്യമുള്ളിടത്ത് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള എന്റെ കൂടിക്കാഴ്ചയ്ക്കു രാഷ്ട്രീയമില്ലായിരുന്നു.’- മോദിയുടെ വീട്ടില്‍ നിന്നു പുറത്തുവരവെ മാധ്യമപ്രവര്‍ത്തകരോടു മമത പറഞ്ഞു.
കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ സി.ബി.ഐ വീണ്ടും നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ക്കൂടിയാണു കൂടിക്കാഴ്ച. രാജീവ് കുമാര്‍ ഇപ്പോള്‍ എവിടെയാണെന്നതിനെപ്പറ്റി വിവരവുമില്ല.
മൂന്നുവട്ടം സി.ബി.ഐ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും അന്വേഷണ സംഘത്തിനു മുന്നില്‍ അദ്ദേഹം ഹാജരായിരുന്നില്ല. ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന് ‘മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കരുത്. ഇതൊന്നും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാനാവില്ല’ എന്നായിരുന്നു മമത മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ മറുപടി.
അസം ഉടമ്പടിയുമായി ബന്ധപ്പെട്ടതാണ് എന്‍.ആര്‍.സിയെന്നും ബംഗാളില്‍ അത് നടപ്പാക്കുമെന്നു പറഞ്ഞിട്ടില്ലെന്നും മമത പറഞ്ഞു.
ബംഗാള്‍ എന്ന പേര് മാറ്റി സംസ്ഥാനത്തിന് ബംഗ്ല എന്നാക്കണമെന്ന ആവശ്യം ഉന്നയിക്കാനാണ് മമത പ്രധാനമായും ഇന്നു മോദിയെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ എല്ലാവിധ സഹായവും ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായി മമത പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബംഗാളില്‍ ബിര്‍ഭമില്‍ കല്‍ക്കരിപ്പാടം ഉദ്ഘാടനം ചെയ്യാനായി മോദിയെ മമത ക്ഷണിച്ചിട്ടുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കല്‍ക്കരിപ്പാടമാണിതെന്നും നവരാത്രി ദിവസമാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും മമത പറഞ്ഞു. 12,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവാക്കിയിരിക്കുന്നത്.
ബംഗാള്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കായി കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുള്ള 13,000 കോടി രൂപ ലഭിക്കാനുണ്ടെന്ന കാര്യവും മമത പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിക്ഷേപം സംബന്ധിച്ച വിഷയവും മമത പറഞ്ഞു.
നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മമത കാണും. ഇതിനായി അവര്‍ നേരത്തേതന്നെ അനുമതി ചോദിച്ചിരുന്നു.
നേരത്തേ മോദിയുടെ സത്യപ്രതിജ്ഞ മമത ബഹിഷ്‌കരിച്ചിരുന്നു. ബംഗാളിലെ രാഷ്ട്രീയക്കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മോദി സത്യപ്രതിജ്ഞയ്ക്കു വിളിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
മോദി അധ്യക്ഷനായ മുഖ്യമന്ത്രിമാരുടെ നീതി ആയോഗ് യോഗവും മമത ബഹിഷ്‌കരിച്ചിരുന്നു. ജൂണിലായിരുന്നു ഇത്. ബംഗാളില്‍ സ്മാര്‍ട്ട് സിറ്റി, സ്വച്ഛ് ഭാരത് അഭിയാന്‍ തുടങ്ങിയ വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലും മമത എതിര്‍പ്പ് അറിയിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേന്ദ്രസര്‍ക്കാരിനോടുള്ള നിലപാടില്‍ മമത വെള്ളം ചേര്‍ക്കുകയാണോ എന്ന സംശയമാണ് രാഷ്ട്രീയനിരീക്ഷകരില്‍ ഇപ്പോളുയരുന്നത്. ബി.ജെ.പിയുടെ മാതൃകയിലുള്ള പ്രചാരണ പരിപാടികളാണ് മമത ബംഗാളില്‍ ഇപ്പോള്‍ പയറ്റുന്നതെന്നാണ് ബി.ജെ.പിയുടെ തന്നെ ആരോപണം.
2021-ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പി.ആര്‍ പ്രചാരണം മാത്രമാണിതെന്നാണ് ചില സംസ്ഥാന ബി.ജെ.പി നേതാക്കള്‍ ഇതിനെക്കുറിച്ചു പറയുന്നത്.