| Tuesday, 11th June 2019, 3:15 pm

'ഇത് ഗുജറാത്തല്ല, ബംഗാളാണ്, ഈ സംസ്‌കാരം തകര്‍ക്കാനാവില്ല'; വിദ്യാസാഗര്‍ പ്രതിമ അനാച്ഛാദനം ചെയ്ത് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഒരുമാസം തികയുമ്പോഴേക്കും വാക്ക് പാലിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാള്‍ നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പുതിയ അര്‍ധകായ പ്രതിമ അനാച്ഛാദനം ചെയ്തു. കോളേജ് സ്ട്രീറ്റിലെ ഹാരെ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു അനാച്ഛാദന ചടങ്ങുകള്‍.

ബംഗാളിന്റെ സംസ്‌കാരത്തെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മമത ആരോപിച്ചു. ‘ഒരു പ്രതിമ തകര്‍ക്കുന്നതോടെ തീരുന്നതല്ല ഇത്. ബംഗാളിന്റെ സംസ്‌കാരം തച്ചുടച്ച് കളയാമെന്നാണോ അവര്‍ കരുതുന്നത്? ഇത് ബംഗാളാണ്, ഗുജറാത്തല്ല’, ചടങ്ങില്‍ ദീദി പറഞ്ഞു.

കഴിഞ്ഞമാസം അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ തൃണമൂല്‍-ബി.ജെ.പി സംഘര്‍ഷത്തിനിടെയാണ് വിദ്യാസാഗര്‍ കോളേജില്‍ സ്ഥാപിച്ചിരുന്ന വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള അടവിന്റെ ഭാഗമായാണ് പ്രതിമ തകര്‍ത്തതെന്ന് ഇരുപാര്‍ട്ടിയും പരസ്പരം പഴിചാരി.

പ്രതിമ തകര്‍ത്തതിന് പിന്നാലെ, വിദ്യാസാഗറിന്റെ പുതിയ പ്രതിമ എത്രയും പെട്ടന്ന് നിര്‍മിക്കുമെന്ന് ദീദി പ്രഖ്യാപിച്ചിരുന്നു. ഇതിനെ വെല്ലുവിളിച്ച് സമാന പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. പ്രതിമ തകര്‍ത്തതിന് പിന്നില്‍ മമതയുടെ തെമ്മാടിത്തരമാണെന്നും തൃണമൂല്‍ തകര്‍ത്ത വിദ്യാസാഗര്‍ പ്രതിമ ബി.ജെ.പി നിര്‍മ്മിക്കുമെന്നുമായിരുന്നു മോദിയുടെ വാദം.

മോദിയുടെ പ്രസ്താവന മമത മുഖവിലയ്‌ക്കെടുക്കാതെ തള്ളിക്കളഞ്ഞു. ബംഗാളിന് പ്രതിമ പുനര്‍ നിര്‍മ്മിക്കാനുള്ള സാമ്പത്തീകാവസ്ഥയുണ്ടെന്ന മറുപടിയും മമത മോദിക്കുനേരെയെറിഞ്ഞു. വിദ്യാസാഗറിന്റെ പ്രതിമ പുനര്‍നിര്‍മ്മിക്കുമെന്നാണ് മോദി പറയുന്നത്. ബംഗാളിന് എന്തിനാണ് ബി.ജെ.പിയുടെ പണം? ബംഗാളിന് അതിനുള്ള ശേഷിയുണ്ട് എന്നായിരുന്നു മമതയുടെ മറുപടി.

പുതുതായി നിര്‍മിച്ച പ്രതിമ, ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം വിദ്യാസാഗര്‍ കോളേജില്‍ പഴയ പ്രതിമയുണ്ടായിരുന്നിടത്തു തന്നെ സ്ഥാപിക്കും.

We use cookies to give you the best possible experience. Learn more