ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും അപകീര്‍ത്തിപ്പെടുത്താന്‍ പ്രത്യേക കരാറിലാണെന്ന് കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി. ഇ.ഡിയില്‍ നിന്നും സി.ബി.ഐയില്‍ നിന്നുമൊക്കെ രക്ഷപ്പെടാകന്‍ വേണ്ടി മമതാ ബാനര്‍ജി മോദിയെ പോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മമതാ ബാനര്‍ജി സംസാരിക്കുന്നത് പ്രധാനമന്ത്രിയെപോലെയാണ്. കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയെയും അപമാനിക്കുക എന്നത് പ്രാധാനമന്ത്രിയും ദീദിയും തമ്മിലുള്ള ഒരു കരാറാണ്. കാരണം ദീദിക്ക് അവരെ ഇ.ഡിയുടെയും സി.ബി.ഐയുടേയും റെയ്ഡില്‍ നിന്ന് രക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് മമതാ ബാനര്‍ജി കോണ്‍ഗ്രസിനെതിരെ സംസാരിക്കുന്നത്.
കാരണം അത് മോദിക്ക് സന്തോഷമാകുമെന്ന് അവര്‍ക്കറിയാം,’ അധീര്‍ രഞ്ജന്‍ ചൗധരിയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയെ ഹീറോയാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എം.പിയുടെ പരാമര്‍ശം.
‘നമ്മുടെ പാര്‍ട്ടി മേധാവി, ഫോണിലൂടെ ആഭ്യന്തര യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളുടെ പേരില്‍ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ച് അദ്ദേഹത്തെ ഹീറോ ആക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പറഞ്ഞിരുന്നു. ബി.ജെ.പി ഇത് ചെയ്യുന്നത് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ്.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്നില്ല. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ ഹീറോ ആക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്,’ തൃണമൂല് കോണ്‍ഗ്രസ് എം.പി അബു താഹര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെച്ചൊല്ലി പാര്‍ലമെന്റില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് ബാനര്‍ജിയുടെ പരാമര്‍ശം. ബജറ്റ് സെഷനിടെ രാഹുല്‍ ഗാന്ധി യു.കെയില്‍ നടത്തിയ പരാമര്‍ശങ്ങളെ ചൊല്ലി സഭയില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു.
Content Highlight: Mamata talks like Modi says Adhir Ranjan Choudhary: There is a special agreement between the two to insult Congress and Rahul Gandhi