കൊൽക്കത്ത: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനങ്ങളെ സഹായിക്കാൻ ഒന്നുമില്ലാത്ത സാമ്പത്തിക പാക്കേജ് ഒരു വട്ട പൂജ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ജനങ്ങളെ തെറ്റിധരിപ്പിച്ചുകൊണ്ട് സംസ്ഥാനങ്ങളെ സാമ്പത്തിക ലോക്ക് ഡൗണിൽ തളച്ചിടുകയാണ് കേന്ദ്രം എന്നും മമത പ്രതികരിച്ചു.
പശ്ചിമ ബംഗാൾ ധനവകുപ്പ് മന്ത്രി അമിത് മിത്രയും സംസ്ഥാനങ്ങളെ അവഗണിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ ജി.ഡി.പി വളർച്ച പത്ത് ശതമാനത്തിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് പാക്കേജിൽ ഉൾപ്പെടുത്തിയത് എന്ന് പരസ്യം ചെയ്തെങ്കിലും രണ്ട് ശതമാനം വളർച്ചയ്ക്ക് ഉള്ളത് പോലും പാക്കേജിൽ ഇല്ലെന്നും അദ്ദഹം അഭിപ്രായപ്പെട്ടു.
കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് വെറുമൊരു വട്ടപൂജ്യമാണ്. ആളുകളുടെ കണ്ണിൽ പൊടി ഇടാൻ അല്ലാതെ മറ്റൊന്നും അതിൽ ഇല്ല. അസംഘടിത മേഖലയ്ക്ക് വേണ്ടിയും, പൊതുമേഖല സ്ഥാപനങ്ങൾക്ക് വേണ്ടിയും തൊഴിലിനും വേണ്ടിയും ഒരു സഹായവും പാക്കേജിൽ ഇല്ല. മമത പറഞ്ഞു.
പ്രധാന മന്ത്രി 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനങ്ങളുടെ താത്പര്യം കൂടി പരിഗണിക്കുമെന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ നിർമ്മല സീതരാമിന്റെ പ്രഖ്യാപനത്തോടെ എല്ലാ ഇല്ലാതായി. പ്രധാനമന്ത്രി പറഞ്ഞതെല്ലാം നാടകമായിരുന്നെന്ന് ധനമന്ത്രി തെളിയിച്ചു. അവർ കൂട്ടിച്ചേർത്തു. കർഷകരുടെ കടം എഴുതി തള്ളാത്തതിനെതിരെയും മമത വിമർശനം ഉന്നയിച്ചു. സംസ്ഥാനങ്ങൾക്ക് ഒരു ചില്ലിക്കാശ് പോലും നൽകാതെ വീണ്ടും വീണ്ടും ദുരിതത്തിൽ ആക്കുന്നതാണ് കേന്ദ്രത്തിന്റെ പാക്കേജ് എന്നും അവർ കൂട്ടിച്ചേർത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക