കൊല്‍ക്കത്ത: റെയ്ഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മോദിക്കെതിരെ ധര്‍ണ്ണ നടത്തുമെന്ന പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ തടയാന്‍ മമത നേരിട്ടെത്തുകയായിരുന്നു.
രാജീവ് കുമാര്‍ ലോകത്തെ ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥനാണെന്ന് ഞാന്‍ ഇപ്പോഴും പറയുന്നു. എന്റെ സേനയ്ക്ക് സംരക്ഷണം നല്‍കുക എന്നതാണ് എന്റെ ഉത്തരവാദിത്തമെന്ന് അഭിമാനത്തോടെ പറയുന്നുവെന്നും മമത വ്യക്തമാക്കി.
“മുന്‍കൂട്ടി അറിയിക്കാതെ നിങ്ങള്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറുടെ വീട്ടിലേക്ക് വരുന്നു. ഞങ്ങള്‍ സി.ബി.ഐയെ അറസ്റ്റ് ചെയ്യാമായിരുന്നു. പക്ഷെ ഞങ്ങള്‍ വിട്ടു. ഞാന്‍ എന്റെ സേനയ്ക്കൊപ്പം നില്‍ക്കും. ഞാന്‍ അവരെ ബഹുമാനിക്കുന്നു. എനിക്ക് ദു:ഖം തോന്നുന്നു. ഇത് ഫെഡറിലിസത്തെ തകര്‍ക്കലാണ്. ഫെഡറിലസത്തെ സംരക്ഷിക്കാനായി ഞാന്‍ ധര്‍ണ നടത്താന്‍ പോകുകയാണ്. ഇന്ന് മുതല്‍ മെട്രോ ചാനലിന്റെ സമീപത്ത് ഞാന്‍ ധര്‍ണയിരിക്കും. നാളെ നിയമസഭ സമ്മേളിക്കും. ഞാന്‍ ഒരു യോഗം നടത്തുകയും ചെയ്യും. ഈ ധര്‍ണ അര്‍ത്ഥമാക്കുന്നത് സത്യഗ്രഹമാണ്.”” മമത പറഞ്ഞു.
ബി.ജെ.പി ബംഗാളിനെ തകര്‍ക്കാന്‍ പോകുന്നതായും മോദി ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നതായും മമത തുറന്നടിച്ചതോടെ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുകയാണ് ബംഗാളില്‍. പൊലീസ് കമ്മീഷ്ണറെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മമതയുടെ ആരോപണം.
കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ ബംഗാള്‍ പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
2013ലെ ബംഗാളിലെ റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു.1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ ആരോപണം. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് രാജീവ് കുമാറിന് നിരവധി തവണ നോട്ടീസ് കൈമാറിയെങ്കിലും രണ്ടു വര്‍ഷമായി ഒഴിഞ്ഞു മാറുകയാണെന്നാണ് സി.ബി.ഐ ആരോപണം.