| Thursday, 25th March 2021, 12:40 pm

1000 കോടി തരുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു നയാപൈസ പോലും തന്നില്ല, മോദി കള്ളന്‍: ആഞ്ഞടിച്ച് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ അംഫാന്‍ ചുഴലിക്കാറ്റ് നാശം വിതച്ചപ്പോള്‍ കേന്ദ്രം ഒരു സഹായവും പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് നല്‍കിയില്ലെന്നും 1000 കോടി ധനസഹായം പ്രഖ്യാപിച്ച മോദി ഒരു നയാ പൈസ പോലും സംസ്ഥാനത്തിന് അനുവദിച്ചില്ലെന്നും മമത പറഞ്ഞു. പഥര്‍പാര്‍ട്ടിമ അസംബ്ലി മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്ന മമത.

അംഫാന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ ഒരു ബി.ജെ.പിക്കാരനും നിങ്ങളെ സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. നരേന്ദ്രമോദി ഒരു പഠിച്ച കള്ളനാണ്. 19 ലക്ഷം ആളുകളെ അന്ന് നമുക്ക് രക്ഷിക്കാനായി. രാത്രി മുഴുവന്‍ സെക്രട്ടറിയേറ്റില്‍ തുടര്‍ന്നാണ് ഞാന്‍ അന്ന് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്. എന്നാല്‍ പ്രധാനമന്ത്രി ഇവിടെയെത്തി വലിയൊരു പ്രഖ്യാപനം നടത്തി. 1000 കോടി രൂപ കേന്ദ്രസഹായമായി സംസ്ഥാനത്തിന് നല്‍കുമെന്നായിരുന്നു ആ പ്രഖ്യാപനം. എന്നാല്‍ ഒരു നയാ പൈസ പോലും ആ വകുപ്പില്‍ സംസ്ഥാനത്തിന് തന്നില്ല, മമത പറഞ്ഞു.

‘പിഎം കെയറില്‍ വരുന്ന പണം മുഴുവന്‍ എവിടേക്കാണ് പോകുന്നതെന്നും റെയില്‍വേ അടക്കം എല്ലാം വിറ്റുപോവുകയാണെങ്കിലും പണം മാത്രം എങ്ങോട്ടാണ് പോകുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും മമത പറഞ്ഞു.

അബ്ബാസ് സിദ്ദിഖിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയപാര്‍ട്ടിക്ക് ഫണ്ട് ചെയ്യുന്നത് ബി.ജെ.പിയാണെന്നും മുസ്‌ലീം വോട്ടുകള്‍ അടക്കം വിഭജിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കം ബി.ജെ.പി നടത്തുന്നതെന്നും മമത പറഞ്ഞു.

എന്റെ ന്യൂനപക്ഷ സുഹൃത്തുക്കളോട് ഞാന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസും പുതുതായി ഉണ്ടാക്കിയ രാഷ്ട്രീയ പാര്‍ട്ടിയും ബി.ജെ.പിയുമായി ഒരു കരാര്‍ ഉണ്ടാക്കിക്കഴിഞ്ഞിരിക്കുകയാണ്.

ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഈ പാര്‍ട്ടി രൂപീകരിക്കപ്പെട്ടതും അതിന് വേണ്ടിയാണ്. നിങ്ങള്‍ക്ക് സുരക്ഷ വേണമെങ്കില്‍ ഒരു വോട്ട് പോലും പാഴാക്കരുത്. ബി.ജെ.പിയ്ക്ക് ഇവിടെ ഇടം കൊടുക്കരുത്, മമത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamata says ‘new party’ sponsored by BJP

We use cookies to give you the best possible experience. Learn more