| Thursday, 6th June 2019, 9:45 pm

'ഭാഷ സൂക്ഷിച്ചുപയോഗിക്കണം, പരാമര്‍ശം അധിക്ഷേപാര്‍ഹം'; ബംഗാളി വിരുദ്ധ പരാമര്‍ശം നടത്തിയ ഗവര്‍ണര്‍ക്ക് മമതയുടെ ചുട്ടമറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയിയുടെ ബംഗാളി വിരുദ്ധ പരാമര്‍ശത്തെ അപലപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളി യുവാക്കളെ തൂപ്പുകാരെന്നും സ്തരീകളെ ബാര്‍ ഡാന്‍സര്‍മാരെന്നും വിശേഷിപ്പിച്ച ഗവര്‍ണറുടെ പരാമര്‍ശം തീര്‍ത്തും അധിക്ഷേപാര്‍ഹമാണ്. ഭരണഘടനാപരമായ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിയുന്നതെന്നും മമത ചോദിച്ചു.

ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും മമത പറഞ്ഞു. ‘ഈ മേഘാലയ ഗവര്‍ണര്‍ മുമ്പ് ബി.ജെ.പി നേതാവായിരുന്നു. ബി.ജെ.പി നേതാക്കളോട് അവരുടെ ഭാഷ സൂക്ഷിച്ച് പ്രയോഗിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ബംഗാളിലെ ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കുമെന്ന് എനിക്ക് ഉറപ്പാണ്’, മമതാ ബാനര്‍ജി പറഞ്ഞു.

ബംഗാളി യുവാക്കള്‍ തറതുടയ്ക്കുന്നവരാണെന്നും സ്ത്രീകള്‍ ബാര്‍ ഡാന്‍സര്‍മാരെന്നുമായിരുന്നു ഗവര്‍ണര്‍ തഥാഗതിന്റെ പരാമര്‍ശം.ബംഗാളികളുടെ ഔന്നത്യം നഷ്ടപ്പെട്ടു. ഇപ്പോഴവര്‍ തൂപ്പുകാരും മുംബൈയിലെ ബാര്‍ ഡാന്‍സര്‍മാരുമായി മാറിയിരിക്കുന്നു എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

‘ഈ അതികായരുടെ കാലം കഴിഞ്ഞുപോയെന്ന് ആരാണ് ഇവര്‍ക്കൊന്ന് പറഞ്ഞുകൊടുക്കുക. ബംഗാളിന്റെ ഔന്നത്യവും നഷ്ടപ്പെട്ടു കഴിഞ്ഞെന്നും ആരാണവരെ മനസിലാക്കിക്കുക. ഹരിയാന മുതല്‍ കേരളം വരെ നോക്കൂ, ബംഗാളി യുവാക്കള്‍ അവിടെ തൂപ്പുകാരായി മാറി. ബംഗാളി പെണ്‍കുട്ടികളാകട്ടെ മുംബൈയില്‍ ബാറുകളില്‍ ഡാന്‍സര്‍മാരാണ് ഇന്ന്’, ഇതൊക്കെ മുമ്പ് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല’. തഥാഗത് റോയ് യുടെ ട്വീറ്റ് ഇങ്ങനെ.

സ്‌കൂളുകളില്‍ ഹിന്ദി ഭാഷ നിര്‍ബന്ധമാക്കണമെന്ന പുതിയ വിദ്യാഭ്യാസ പരിഷ്‌കരണ നിര്‍ദ്ദേശത്തിനെതിരെ ചില സംസ്ഥാനങ്ങള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് തഥാഗത് റോയ് ബംഗാള്‍ വിരുദ്ധ പരാമര്‍ശവുമായി രംഗത്തെത്തിയത്.

ഗവര്‍ണരുടെ ട്വീറ്റുകളെ അനുകൂലിച്ചും എതിര്‍ത്തും നിരവധിപ്പേരെത്തിയിട്ടുണ്ട്. മുന്‍ ബി.ജെ.പി നേതാവുകൂടിയായ തഥാഗത് റോയി ഇത്തരം വിവാദ പരാമര്‍ശങ്ങളുടെ കാര്യത്തില്‍ കുപ്രസിദ്ധനാണ്. മുമ്പ് പുല്‍വാമ ഭീകരാക്രമണ സമയത്ത് കശ്മീര്‍ വിരുദ്ധ പ്രസ്താവനകളും ഇദ്ദേഹം നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more