|

ചിട്ടി തട്ടിപ്പില്‍ ബി.ജെ.പി അസം മന്ത്രി മൂന്നു കോടി കൈപ്പറ്റി; തെളിവ് നിരത്തി മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചതിന് പിന്നാലെ സി.ബി.ഐയ്ക്കും ബി.ജെ.പിക്കുമെതിരെ വീണ്ടും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ശാരദ ചിട്ടി ഫണ്ട് ചീഫ് സുദിപ്‌തോ സെന്‍ 2013ല്‍ സി.ബി.ഐ അഴിമതിവിരുദ്ധ വിഭാഗത്തിനെഴുതിയ കത്ത് പുറത്തുവിട്ടുകൊണ്ടാണ് മമത രംഗത്തെത്തിയത്.

ചിട്ടി തട്ടിപ്പില്‍ ബി.ജെ.പി അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ മൂന്നു കോടി കൈപ്പറ്റിയെന്നാണ് മമതയുടെ ആരോപണം. ശര്‍മ തന്നെ ചതിച്ചെന്നും രണ്ടു വര്‍ഷത്തിനിടെ മൂന്നു കോടി രൂപയോളം അനധികൃതമായി കൈക്കലാക്കിയെന്നും കത്തില്‍ പരാതി പറയുന്നുണ്ട്. ഈ കത്ത് ചൂണ്ടിക്കാട്ടിയാണ് മമത വീണ്ടും ബി.ജെ.പിക്കുനേരെ തിരിഞ്ഞിരിക്കുന്നത്.

Read Also : മാര്‍പ്പാപ്പയും ഇമാം ഷെയ്ഖും “ലിപ്‌ ലോക്ക്‌” ചുംബനം നടത്തിയോ ?; പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥയിതാണ്

മുന്‍ ടി.എം.സി നേതാവു കൂടിയായിരുന്ന ശര്‍മ, പിന്നീട് ബി.ജെ.പിയിലേക്ക് കൂടുമാറുകയായിരുന്നു. സി.ബി.ഐ അന്വേഷണം ഭയന്നാണ് ശര്‍മ ബി.ജെ.പിയില്‍ സുരക്ഷിത താവളം കണ്ടെത്തിയതെന്നും, ബി.ജെ.പിയില്‍ അഭയം തേടുന്നവരെ സി.ബി.ഐ രക്ഷപ്പെടുത്തുകയാണെന്നും മമത വിമര്‍ശിച്ചു.

letter

സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായെന്ന് പറഞ്ഞു കൊണ്ടായിരുന്നു നേരത്തെ മമത ധര്‍ണ അവസാനിപ്പിച്ചത്. ധര്‍ണ ഭരണഘടനയുടേയും ജനാധിപത്യത്തിന്റെയും വിജയമാണെന്നും അടുത്ത ആഴ്ച ഈ വിഷയം ഉന്നയിച്ച് ദല്‍ഹിയില്‍ സമരം ആരംഭിക്കുമെന്നും മമത വ്യക്തമാക്കിയിരുന്നു.

സംസ്ഥാന ഏജന്‍സികള്‍ ഉള്‍പ്പെടെ എല്ലാ ഏജന്‍സികളെയും നിയന്ത്രിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ദല്‍ഹിയില്‍ ഒറ്റ പാര്‍ട്ടി ഭരണവും ഒറ്റയാള്‍ സര്‍ക്കാരുമാണ്. പ്രധാനമന്ത്രി രാജിവച്ച് ഗുജറാത്തിലേക്കുപോകണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.

Latest Stories