കൊല്‍ക്കത്ത: സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടത്തില്‍ ഒപ്പം നില്‍ക്കണമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം തള്ളി സി.പി.ഐ.എമ്മും കോണ്‍ഗ്രസും.
പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് മമതയുടെ നയങ്ങളാണെന്നും ബി.ജെ.പിക്കെതിരെ പോരാടാന്‍ മമതയുടെ ആവശ്യമില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മാനന്‍ പ്രതികരിച്ചത്.
തൃണമൂലിനെ കുറ്റപ്പെടുത്തുന്നത് അവസാനിച്ച് കോണ്‍ഗ്രസ് തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന മമതയുടെ പ്രസ്താവനക്കായിരുന്നു അബ്ദുള്‍ മാനന്റെ മറുപടി. ബംഗാളില്‍ ബി.ജെ.പി ഇപ്പോള്‍ ഉണ്ടാക്കിയ നേട്ടത്തിന് കാരണം സ്വന്തം നയങ്ങളാണെന്ന് മമത ഇനിയെങ്കിലും മനസിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. സി.പി.ഐ.എം നേതാവ് സുജന്‍ ചക്രബര്‍ത്തിയും മമതയുടെ ആവശ്യം നിരാകരിച്ചു.
സംസ്ഥാനത്ത് ഒരു സമാന്തര സര്‍ക്കാര്‍ കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ബി.ജെ.പിയ്‌ക്കെതിരായ തന്റെ യുദ്ധത്തില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒപ്പം ചേരണമെന്നുമായിരുന്നു നിയസഭയില്‍ മമത ആവശ്യപ്പെട്ടത്.
‘ഈ നാട്ടിലെ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ ഭട്പര പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നു വിശ്വസിക്കുന്നു. എനിക്കു തോന്നുന്നത് നമ്മളെല്ലാം, അതായത് തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, കോണ്‍ഗ്രസ് എന്നിവരെല്ലാം ഒന്നിച്ചുനിന്ന് ബി.ജെ.പിയെ എതിര്‍ക്കണം എന്നാണ്. രാഷ്ട്രീയമായി ഒന്നിച്ചുനില്‍ക്കണമെന്ന് അതിനര്‍ഥമില്ല. പക്ഷേ ദേശീയതലത്തില്‍ സമാനമായ അഭിപ്രായങ്ങളില്‍ നമ്മള്‍ ഒന്നിച്ചുനില്‍ക്കണം.’- എന്നായിരുന്നു മമത പറഞ്ഞത്.
എന്നാല്‍ മമതയുടെ ആവശ്യത്തോടും ഇരുപാര്‍ട്ടികളും മുഖം തിരിക്കുകയാണ് ഉണ്ടായത്. മമതയുടെ നയങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് കളമൊരുക്കിയതെന്നാണ് കോണ്‍ഗ്രസും സി.പി.ഐ.എമ്മും ആരോപിച്ചത്.
”തെരഞ്ഞെടുപ്പിന് മുന്‍പ് 23 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അട്ടിമറിക്കെതിരെ രംഗത്തെത്തി. ഇ.വി.എം ഉപയോഗിക്കുന്നതിനെതിരെ ഈ പാര്‍ട്ടികളെല്ലാം ശബ്ദമുയര്‍ത്തി. നമ്മള്‍ സുപ്രീം കോടതിയെ സമീപിച്ചു. പക്ഷേ കാര്യമുണ്ടായില്ല. പക്ഷേ അത് അവസാനിപ്പിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. ആ പോരാട്ടം ഇനിയും തുടരണം. തൃണമൂല്‍ കോണ്‍ഗ്രസിനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നതിന് പകരം സംസ്ഥാനത്ത് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന നീതികേടിനെതിരെ ശബ്ദമുയര്‍ത്തുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും ”മമത ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മമതാ ബാനര്‍ജി ഭയത്തിന്റെ പിടിയിലാണെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബംഗാളില്‍ വിജയിക്കാനാവില്ലെന്ന് മമതയ്ക്ക് വ്യക്തമായി അറിയാമെന്നുമായിരുന്നു ബി.ജെ.പി വക്താവ് ദിലീപ് ഘോഷ് പ്രതികരിച്ചത്.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും തൃണമൂലും സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഒന്നിച്ചാല്‍ പോലും തങ്ങള്‍ ഭയപ്പെടില്ലെന്നും ബംഗാളില്‍ ബി.ജെ.പിക്ക് അത് മുതല്‍ക്കൂട്ടാവുക മാത്രമാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42ല്‍ 18 സീറ്റ് നേടി വലിയ മുന്നേറ്റമാണ് ബി.ജെ.പി സംസ്ഥാനത്ത് നടത്തിയത്. 40.5 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട് ഷെയര്‍.