മമത-മഹുവ ബന്ധം ഉലച്ചിലിലേക്ക്? പൊതുയോഗത്തില്‍ താക്കീതുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: പൊതു യോഗത്തിനിടെ മഹുവ മൊയ്ത്രയുമായുള്ള അഭിപ്രായഭിന്നത പ്രകടപ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
വ്യാഴാഴ്ച കൃഷ്ണനഗറില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ മമത സംസാരിച്ചത്. നാദിയ ജില്ലയിലെ പാര്‍ട്ടി അണികള്‍ക്കുള്ളില്‍ വളരുന്ന വിഭാഗീയതയില്‍ അവര്‍ അതൃപ്തി പ്രകടിപ്പിച്ചു.
‘മഹുവാ, ഞാനിവിടെ ഒരുകാര്യം വ്യക്തമാക്കാം, ആര്, ആര്‍ക്ക് എതിരാണെന്ന് ഞാന്‍ നോക്കില്ല, പക്ഷേ തെരഞ്ഞെടുപ്പ് വരുമ്പോള്‍, ആരാണ് മത്സരിക്കേണ്ടത്, വേണ്ടാത്തത് എന്നൊക്കെ പാര്‍ട്ടി തീരുമാനിക്കും. അതുകൊണ്ട് ഇവിടെ അഭിപ്രായവ്യത്യാസമുണ്ടാകരുത്. ,’ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഒരു അഡ്മിനിസ്‌ട്രേറ്റീവ് മീറ്റിംഗിനിടെ മമത പറഞ്ഞു.
ഒരേ വ്യക്തി തന്നെ എന്നേക്കും ഒരേ സ്ഥാനത്ത് ഉണ്ടായിരിക്കുമെന്ന് കരുതേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ നാദിയ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടുത്തിടെ നീക്കം ചെയ്യപ്പെട്ട മഹുവയെ ഉദ്ദേശിച്ചുക്കൊണ്ടായിരുന്നു മമതയുടെ പരാമര്‍ശം. മഹുവ അതേ വേദിയില്‍ ഉണ്ടായിരുന്നു.
ടി.എം.സിക്കെതിരെ അഴിമതി ആരോപിച്ച് പോസ്റ്ററുകള്‍ പതിച്ച സംഭവത്തെക്കുറിച്ചും മമത പരാമര്‍ശിച്ചു. പൊലീസ് അന്വേഷണത്തില്‍ ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞതായി മമത പറഞ്ഞു.
അത് യഥാര്‍ത്ഥ സംഭവമല്ലെന്നും ബോധപൂര്‍വ്വം ഉണ്ടാക്കി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതാണെന്നും മമത പറഞ്ഞു. സി.ഐ.ഡി അന്വേഷണത്തില്‍ അക്കാര്യം വ്യക്തമാണെന്നും അവര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Mamata pulls up Mahua Moitra at administrative meeting in Bengal