കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് റാലിക്കിടെ താനൊരു ഹിന്ദുവാണെന്ന് പ്രഖ്യാപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് സുവേന്തു അധികാരി. മമത ഇപ്പോള്‍ ഇന്‍ഷാ അല്ലാഹ് പറയുന്നത് നിര്‍ത്തിയെന്നും ഹിന്ദുമന്ത്രങ്ങള്‍ പരസ്യമായി പറയുന്നതിലാണ് താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു.
‘കുറച്ച് നാള്‍ മുമ്പ് ചെരിപ്പൂരാതെ ക്ഷേത്ര സന്ദര്‍ശനം നടത്തിയയാളാണ് മമത ബാനര്‍ജി. ഇന്‍ഷാ അല്ലാഹ് പറയുന്നതും ഇപ്പോള്‍ അവര്‍ നിര്‍ത്തി. ഹിന്ദു മന്ത്രങ്ങളാണ് മമതയുടെ ചുണ്ടില്‍ ഇപ്പോള്‍. എന്നിട്ട് ഹിന്ദു ദൈവങ്ങളെ അപമാനിച്ചവര്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വവും നല്‍കും. എന്തിനാണ് തന്റെയുള്ളിലെ ഹിന്ദു വികാരത്തെ ഇപ്പോള്‍ പുറത്തെടുത്തത്?,’ സുവേന്തു ചോദിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടത്തിയ റാലിക്കിടെയാണ് താനൊരു ഹിന്ദുവാണെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത രംഗത്തെത്തിയത്
70:30 എന്ന വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനാകില്ല. ഞങ്ങള്‍ക്ക് എല്ലാവരും തുല്യരാണെന്നും മമത പറഞ്ഞിരുന്നു. ഹിന്ദു- മുസ്ലിം കാര്‍ഡിറക്കിയാണ് സുവേന്തു അധികാരി പ്രചരണം നടത്തുന്നതെന്നും മമത പറഞ്ഞു.
‘ഞാനൊരു ബ്രാഹ്മണ കുടുംബത്തില്‍ നിന്നാണ് വരുന്നത്. എന്നെ ആരും ഹിന്ദു ധര്‍മ്മം പഠിപ്പിക്കേണ്ടതില്ല’, എന്നായിരുന്നു മമത പറഞ്ഞത്. നന്ദിഗ്രാമിലെ പാര്‍ട്ടി യോഗത്തില്‍ മന്ത്രം ജപിച്ചാണ് മമത പങ്കെടുത്തത്. ബുധനാഴ്ചയാണ് മമത നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.