കൊൽക്കത്ത; കൊൽക്കത്തയിൽ സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി രാത്രി ഷിഫ്റ്റുകൾ പരമാവധി കുറക്കാനൊരുങ്ങി പശ്ചിമബംഗാൾ സർക്കാർ. വനിതാ ഡോക്ടർമാരുടെ ജോലി സമയം പരമാവധി 12 മണിക്കൂർ ആക്കി കുറക്കാനും ശ്രമിക്കും.
കൊൽക്കത്തയിലെ ആർ.ജി കാർ ഹോസ്പിറ്റലിൽ 31 കാരിയായ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി പശ്ചിമ ബംഗാൾ സർക്കാർ ‘രാറ്റിറർ ഷതി’ ‘അഥവാ രാത്രി സഹായികൾ’ എന്ന പദ്ധതിയും അവതരിപ്പിച്ചു.
ഇതിന് കീഴിൽ, സർക്കാർ കോളേജുകൾക്കും ഹോസ്റ്റലുകൾക്കുമായി പ്രത്യേക നടപടികൾ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. അവ സ്വീകരിക്കാൻ സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വനിതാ ഡോക്ടർമാരുടെ ജോലി സമയം പരമാവധി 12 മണിക്കൂറായി പരിമിതപ്പെടുത്തുക, അവർക്ക് നൈറ്റ് ഡ്യൂട്ടി നൽകുന്നത് പരമാവധി ഒഴിവാക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
പദ്ധതിയിൽ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ സുരക്ഷാ പരിശോധനകളും ബ്രീത്ത് അനലൈസർ പരിശോധനകളും നിർബന്ധമാക്കുന്നു.
രാത്രികാലങ്ങളിൽ ‘രാറ്റിറർ ഷതി’ എന്ന പേരിൽ വനിതാ വളണ്ടിയർമാരെ വിന്യസിക്കുകയും , കൂടാതെ കോളേജുകൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിവയ്ക്കുള്ളിൽ സുരക്ഷിത മേഖലകൾ കണ്ടെത്തുകയും ചെയ്യും. അതേ പേരിൽ ഒരു പ്രത്യേക മൊബൈൽ ആപ്പ് അവതരിപ്പിക്കും ഇതിൽ ലോക്കൽ പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിച്ച ഒരു അലാറം ഫീച്ചർ ഉണ്ടാകും. 100, 112 എന്നീ ഹെൽപ്പ് ലൈനുകൾ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കും.
Content Highlight: Mamata govt’s new programme to ensure women’s safety includes SOS app, request to ‘avoid night duty’