ബംഗാളില്‍ ഇറങ്ങാന്‍ രാഹുലിന്റെ ഹെലികോപ്ടറിന് അനുമതിയില്ല; അമിത് ഷായ്ക്കു പിന്നാലെ രാഹുലിനെയും നിലം തൊടീക്കാതെ മമത
D' Election 2019
ബംഗാളില്‍ ഇറങ്ങാന്‍ രാഹുലിന്റെ ഹെലികോപ്ടറിന് അനുമതിയില്ല; അമിത് ഷായ്ക്കു പിന്നാലെ രാഹുലിനെയും നിലം തൊടീക്കാതെ മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th April 2019, 7:54 pm

കൊല്‍ക്കത്ത: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്ടറിന് ബംഗാളില്‍ ഇറങ്ങാനുള്ള അനുമതി മുഖ്യമന്ത്രി മമതാ ബാനര്‍ജി നിഷേധിച്ചു. ഞായറാഴ്ച സിലിഗുഡിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന രാഹുലിന്റെ ഹെലികോപ്ടര്‍ ഇറക്കാന്‍ കോണ്‍ഗ്രസ് അനുമതി തേടിയിരുന്നെങ്കിലും സര്‍ക്കാര്‍ തള്ളുകയായിരുന്നു.

അതേസമയം രാഹുലിനെ തടയാനുള്ള മമത സര്‍ക്കാരിന്റെ അവസാന അടവുകളാണ് ഇത്തരം ശ്രമങ്ങളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മമത രണ്ടാഴ്ചമുന്‍പ് ബംഗാളിലെ റാലിയില്‍ രാഹുലിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. മമത മുന്‍പ് എന്‍.ഡി.എയുടെ സഖ്യകക്ഷിയായതു ചൂണ്ടിക്കാണിച്ചാണു രാഹുല്‍ അതിനു മറുപടി നല്‍കിയത്.

നേരത്തേ ഈവര്‍ഷം ജനുവരിയില്‍ റാലികളില്‍ പങ്കെടുക്കാനായി ബംഗാളിലെത്തിയ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഹെലികോപ്ടറുകള്‍ ഇറക്കുന്നതിനു മമത അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് റോഡ് മാര്‍ഗമാണ് ഇരുവരും ബംഗാളിലെത്തിയത്.