കൊല്‍ക്കത്ത: ‘ദി കേരള സ്റ്റോറി’ സിനിമ നിരോധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സംഘപരിവാര്‍ പ്രോപഗണ്ട പ്രചരിപ്പിക്കുന്ന ചിത്രത്തിനെതിരെ സംസ്ഥാന വ്യാപകമായുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം നിരോധിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് തിങ്കളാഴ്ച ചിത്രം നിരോധിച്ചതായി പ്രഖ്യാപിച്ചത്.
വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റേയും ഭാഗമാണ് തീരുമാനമെന്ന് മമത ബാനര്‍ജി പറഞ്ഞതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
കശ്മീര്‍ ഫയല്‍സിന്റെ മാതൃകയില്‍ ബി.ജെ.പി പണം നല്‍കി നിര്‍മിച്ച സിനിനിമായാണ് കേരള സ്റ്റോറിയെന്ന് മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം സംസ്ഥാനത്ത് നിരോധിച്ചതായുള്ള പ്രഖ്യാപനം മമത നടത്തുന്നത്
ചിത്രത്തിന് ലഭിച്ച മോശം പ്രതികരണവും ക്രമസമാധാന പ്രശ്നവും ചൂണ്ടിക്കാട്ടി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളും കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചിരുന്നു.
സുദീപ് സെന്‍ സംവിധാനം ചെയ്ത ചിത്രമായ ‘ദി കേരള സ്റ്റോറി’ ഐ.എസ് റിക്രൂട്ട്മെന്റിനായി ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളെ പിന്തുടര്‍ന്നാണ് കഥ പറയുന്നത്. 32,000 പെണ്‍കുട്ടികളെ കേരളത്തില്‍ നിന്നും കാണാതാകുകയും പിന്നീട് ഇവര്‍ ഐ.എസില്‍ ചേരുകയും ചെയ്തെന്നായിരുന്നു ട്രെയ്‌ലറില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ഈ കണക്കുകള്‍ക്ക് വസ്തുകളുടെ പിന്‍ബലമില്ലെന്നും ചിത്രം സംഘപരിവാറിന്റ പ്രോപഗണ്ടയാണെന്നുമുള്ള വിമര്‍ശനം ശക്തമായിരുന്നു. ഇതിന് പിന്നാലെ ചിത്രത്തന്റെ ട്രെയ്‌ലിറലെ യൂട്യാബ് ഡിസ്‌ക്രപ്ഷനില്‍ 32,000 എന്നത് മൂന്നാക്കി തിരുത്തിയിരുന്നു. ചിത്രത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
Content Highlight: Mamata government bans Kerala story in West Bengal