| Tuesday, 20th November 2012, 4:44 pm

സി.പി.ഐ.എം കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കും: മമതാ ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: സി.പി.ഐ.എം കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ സി.പി.ഐ.എം പിന്തുണയ്ക്കില്ലെങ്കിലും യു.പി.എ സര്‍ക്കാരിനെ താഴെയിറക്കാന്‍ സി.പി.ഐ.എം കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ തങ്ങള്‍ പിന്തുണയ്ക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞു.[]

അങ്ങനെയൊരു ആവശ്യത്തിന് വേണ്ടി പശ്ചിമബംഗാളിലെ സി.പി.ഐ.എം പാര്‍ട്ടി ഓഫിസിരിക്കുന്ന അലിമുദ്ദീന്‍ സ്ട്രീറ്റിലേക്ക് പോകാനും സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവിനോട് ചര്‍ച്ച നടത്താനും താന്‍ തയാറാണെന്ന് മമത അറിയിച്ചു. അഴിമതിയിലും ജനദ്രോഹ നടപടികളിലും മുഴുകിയ ഈ സര്‍ക്കാരിനെ താഴെയിറക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും മമത സി.പി.ഐ.എമ്മിനോട് അഭ്യര്‍ഥിച്ചു.

തൃണമൂല്‍ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ മടിയുണ്ടെങ്കില്‍ അവര്‍ അവിശ്വാസ പ്രമേയം കൊണ്ടുവരട്ടെ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി ഇടയ്ക്കുവച്ച് പ്രമേയത്തില്‍ നിന്ന് പിന്നോട്ട് പോകാതിരിക്കുമെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സി.പി.ഐ.എമ്മിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ തന്നെ ആദ്യം പ്രമേയം കൊണ്ടുവരുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയിലെത്തട്ടെ എന്ന് മമത പറഞ്ഞു.

ഓരോ പാര്‍ട്ടിക്കും ഓരോ ആശയസംഹിതകളുണ്ട്. എന്നാല്‍ ഇത് മതപരമായ കാര്യമല്ല, രാജ്യത്തെ പൊതുവായി ബാധിക്കുന്ന കാര്യമാണെന്നും രാജ്യത്തെ രക്ഷിക്കേണ്ട സമയമാണിതെന്നും മമത വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more