| Thursday, 26th March 2020, 9:01 pm

വരയില്‍ വരണം; ആശുപത്രികള്‍ക്ക് പിന്നാലെ മാര്‍ക്കറ്റിലെത്തി മമതാ ബാനര്‍ജി; റോഡില്‍ വൃത്തം വരച്ചുകൊടുത്ത് നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊവിഡ് വ്യാപനത്തിനെ നേരിടാന്‍ ജനം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വിശദീകരിച്ചുകൊണ്ട് നേരിട്ടിറങ്ങിയിരിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അവലോകന യോഗങ്ങള്‍ ചേര്‍ന്നും കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളെ കോര്‍ത്തിണക്കിയും ആശുപത്രികളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയുമാണ് മമതയുടെ പ്രവര്‍ത്തനങ്ങള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ നടത്തിയ മമത ഇന്നെത്തിയത് മാര്‍ക്കറ്റുകളിലാലിയരുന്നു. തല്‍ത്തലയിലെയും പോസ്ടയിലെയും ജന്‍ബസാറിലെയും പാര്‍ക്ക് സട്രീറ്റിലെയും കടകള്‍ക്കുമുന്നില്‍ മമത എത്തി. തുടര്‍ന്ന് സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുമായി എത്ര അകലം പാലിക്കണമെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ കച്ചവടക്കാര്‍ക്ക് നല്‍കി.

പിന്നീട് മാര്‍ക്കറ്റിന് മുന്നിലുള്ള റോഡില്‍ ഒരോ വൃത്തവും വരച്ചു. ആളുകള്‍ പരസ്പരം എത്ര അകലം പാലിക്കണം എന്ന് വിശദീകരിച്ചായിരുന്നു അത്.

‘എല്ലാ കച്ചവടക്കാരും ഉപഭോക്താക്കളും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇവിടെ ഞാന്‍ വരച്ചിരിക്കുന്ന ഈ വൃത്തങ്ങളില്‍ നിന്നുവേണം ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍. കൃത്യമായ ഇടവേളകളില്‍ നിങ്ങള്‍ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. ഗ്ലൗസുകള്‍ ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യണം’, മമത പറഞ്ഞു.

ആരും ഭയപ്പെടേണ്ടെന്നും എല്ലാം ശരിയാകുമെന്നും മമത എല്ലാ സ്ഥലങ്ങളിലും ആവര്‍ത്തിച്ച് പറഞ്ഞു. നമ്മള്‍ ഇതിനെതിരെ ഒരുമിച്ച് പോരാടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അധികം പേര്‍ നേരത്തെ കണ്ടിട്ടില്ലാത്ത, അറിയാത്ത അവധാനതയോടുള്ള ഇടപെടലാണ് മമത ബാനര്‍ജി ഇപ്പോള്‍ ബംഗാളില്‍ നടത്തുന്നത്.രോഗം ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ഘട്ടം മുതല്‍ക്ക് തന്നെ മമത ബാനര്‍ജി പ്രതിരോധ നടപടികള്‍ ആരംഭിച്ചിരുന്നു.

കൊല്‍ക്കത്തയിലെ ക്വറന്റൈന്‍ സെന്ററുകളിലും ആശുപത്രികളിലും മമത ബാനര്‍ജി അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാസ്‌കുകളും സാനിറ്റൈസേഴ്സും നല്‍കിയത് പൊതുവേ മികച്ച അഭിപ്രായമാണുണ്ടാക്കിയത്.

കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആശുപത്രി ആകെ കൊവിഡ് 19 ചികിത്സക്ക് വേണ്ടി മാറ്റിയത് ഉള്‍പ്പെടെ നിരവധി ഭരണപരമായ നടപടികളാണ് സ്വീകരിച്ചത്. പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ കടുത്ത വിമര്‍ശനം നടത്താറുള്ള മമത അത്തരം വിമര്‍ശനങ്ങളൊന്നും ഈ സമയത്ത് നടത്തിയില്ല.

അടുത്തിടെ നടന്ന സര്‍വ്വകക്ഷി യോഗത്തിലെ മമതയുടെ സമീപനം പ്രതിപക്ഷ കക്ഷി നേതാക്കളുടെ മികച്ച അഭിപ്രായം നേടി. അന്തര്‍ദേശീയ വിമാനങ്ങളും ദീര്‍ഘ ദൂര തീവണ്ടികളും ബംഗാളിലേക്ക് വരുന്നത് തടയണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത് ആരോഗ്യ രംഗത്തെ വിദഗ്ധരുടെയും ജനങ്ങളുടെയും മതിപ്പ് പിടിച്ചു പറ്റിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more