| Saturday, 6th October 2018, 3:09 pm

മോദിയോടും അമിത്ഷായോടും ഏറ്റുമുട്ടാന്‍ മമതയ്ക്ക് കോണ്‍ഗ്രസിന്റെ സഹായം വേണ്ട; സഖ്യ സാധ്യത തള്ളി തൃണമൂല്‍ കോണ്‍ഗ്രസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: 2019 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത തള്ളി തൃണമൂല്‍ കോണ്‍ഗ്രസും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ചന്ദന്‍ മിത്രയാണ് പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

പശ്ചിമബംഗാളില്‍ മമ്ത ബാനര്‍ജിക്ക് കോണ്‍ഗ്രസിന്റെ ഒരു സഹായവും വേണ്ടെന്ന് ചന്ദന്‍ മിത്ര പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 ലെ തെരഞ്ഞെടുപ്പില്‍ മോദിയേയും അമിത് ഷായേയും നേരിടാന്‍ മമത് ബാനര്‍ജി എന്ത് നീക്കമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും, കോണ്‍ഗ്രസുമായുള്ള സഖ്യം പ്രതീക്ഷിക്കാമോ എന്നുമുള്ള ചോദ്യത്തിനായിരുന്നു ചന്ദന്‍ മിത്രയുടെ പ്രതികരണം.


പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഗ്യാസ് ബി.ജെ.പി നേതാവ് മറിച്ചുവിറ്റു: നേതാവിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 37 എല്‍.പി.ജി സിലിണ്ടറുകള്‍


“ബംഗാളില്‍ ബി.ജെ.പിയെ നേരിടാന്‍ മമതയ്ക്ക് ആരുടെ സഹായവും വേണ്ട. അമിത് ഷായേയും മോദിയേയും നേരിടാന്‍ മമതയ്ക്ക് കോണ്‍ഗ്രസിന്റെ സഹായം വേണ്ട. ഏറ്റവും ശക്തരായ നേതൃത്വം തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റേത്. എന്നാല്‍ സംസ്ഥാനത്തിന് പുറത്തുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതുണ്ട്” – അദ്ദേഹം വിശദീകരിച്ചു.

പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം കുറഞ്ഞ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബി.ജെ.പിയെ നേരിടാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ ഈ നീക്കത്തിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടത്.

ബി.എസ്.പി അധ്യക്ഷ മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി നേരത്തെ രംഗത്തെത്തിയിരുന്നു.

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നുമായിരുന്നു സമാജ്‌വാദി പാര്‍ട്ടി പറഞ്ഞിരുന്നത്.
കോണ്‍ഗ്രസുമായി സഖ്യത്തിലില്ലെന്ന് വ്യക്തമാക്കി ബി.എസ്.പി രംഗത്തെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നുറച്ച് സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തിയത്.

ചര്‍ച്ചകള്‍ക്കായി ഇനിയും കോണ്‍ഗ്രസിനെ കാത്തുനില്‍ക്കാനാവില്ല. പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറല്ലെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവും യു.പി മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു.

മധ്യപ്രദേശിലേയും രാജസ്ഥാനിലേയും തെരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് തിയതികള്‍ കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കാന്‍ ഇരിക്കെയാണ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

2019 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുന്നതാണ് എസ്.പിയുടേയും ബി.എസ്.പിയുടേയും തൃണമൂലിന്റേയും തീരുമാനം.

Latest Stories

We use cookies to give you the best possible experience. Learn more