| Monday, 29th January 2024, 10:52 pm

'പൗരന്മാരല്ലെങ്കിൽ അവർ എങ്ങനെ വോട്ട് ചെയ്തു? പൗരത്വ നിയമം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്‌ ബി.ജെ.പി വീണ്ടും പൗരത്വ ഭേദഗതി ബിൽ ഉയർത്തിക്കാട്ടുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

ബംഗ്ലാദേശ് അതിർത്തിയിലുള്ളവർക്ക് ബി.എസ്.എഫ് പ്രത്യേകം തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച മമത അത് നിരസിക്കണമെന്നും ആവശ്യപ്പെട്ടു. രേഖകൾ സ്വീകരിക്കുന്നവരുടെ പേരുകൾ ദേശീയ പൗരത്വ രജിസ്ട്രേഷനിൽ (എൻ.ആർ.സി) നിന്ന് എടുത്തുകളായമെന്നും മമത മുന്നറിയിപ്പ് നൽകി.

ഒരാഴ്ചക്കക്കം സി.എ.എ നടപ്പിലാക്കുമെന്ന കേന്ദ്രമന്ത്രി ശന്തനു താക്കൂറിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് മമതയുടെ പരാമർശം.

പശ്ചിമ ബംഗാളിലെ മതുവ സമുദായത്തിൽ നിന്നുള്ള നേതാവാണ് ശന്തനു. പശ്ചിമബംഗാളിൽ ബി.ജെ.പിയെ വളരാൻ സഹായിച്ചത് മതുവ സമുദായത്തിന്റെ പിന്തുണയാണ് എന്നാണ് കരുതപ്പെടുന്നത്. സി.എ.എ നടപ്പാക്കുന്നതിൽ നേട്ടം കൊയ്യുന്നതും മതുവ ആയിരിക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

അഭയാർത്ഥി കോളനികൾക്ക് ഭൂരേഖകൾ നൽകിക്കൊണ്ട് പൗരത്വ അംഗീകാരം നൽകിയതാണെന്നും പൗരന്മാർ അല്ലെങ്കിൽ എങ്ങനെയാണ് അവർ സർക്കാർ സംവിധാനങ്ങളും വോട്ടും വിനിയോഗിക്കുന്നത് എന്നും മമത പറഞ്ഞു.

ബി.എസ്.എഫ് ജനങ്ങളെ ദ്രോഹിക്കുകയാണെന്നും അവർക്കെതിരെ പൊലീസിൽ പരാതി നൽകണമെന്നും മമത ജനങ്ങളോട് ആവശ്യപ്പെട്ടു.

Content Highlight:Mamata: CAA being raked up again for electoral politics, BSF issuing ‘fake cards’

We use cookies to give you the best possible experience. Learn more