കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വരുന്ന തെരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തി വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനമാണ് മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും അണിയറയില്‍ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുകയാണ് മമത.
ആഴ്ചകള്‍ക്ക് മുമ്പ് മാല്‍ഡ ജില്ലയില്‍ തദ്ദേശ ഭരണകൂടം ആദിവാസി വിഭാഗത്തിന് വേണ്ടി സംഘടിപ്പിച്ച സമൂഹ വിവാഹത്തിലും മമത പങ്കെടുത്തിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രൂപശ്രീ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സമൂഹ വിവാഹം.
മമത വിവാഹത്തില്‍ എത്തിയത് ആരെയും അത്ഭുതപ്പെടുത്തിയില്ല. അവരെ അമ്പരപ്പിച്ചത് മറ്റൊന്നായിരുന്നു. വിവാഹ ചടങ്ങിന്റെ ഭാഗമായുള്ള ആഘോഷപരിപാടികളില്‍ മമത അവിടുത്തെ സ്ത്രീകള്‍ക്കൊപ്പം നൃത്തത്തിന് ചുവടുവെച്ചു. മുഖ്യമന്ത്രിക്കസേരയിലിരുന്ന് ധീരമായി സംസ്ഥാനത്തെ നയിക്കുകയും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ആക്രോശമായി മാറുകയും ചെയ്യുന്ന മമതയെ കണ്ട് ശീലിച്ച ബംഗാള്‍ ജനതയ്ക്ക് ഇതൊരു പതിവില്ലാത്തതും എന്നാല്‍ സന്തോഷം നല്‍കുന്നതുമായ കാഴ്ചയായിരുന്നു.
മമതയെ വീഴ്ത്താനുള്ള തന്ത്രങ്ങള്‍ മെനയുന്ന ബി.ജെ.പിയാണ് തൃണമൂലിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. അത് മുന്നില്‍ കണ്ടുകൊണ്ട് പ്രചരണ തന്ത്രത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍വെച്ച് മാര്‍ച്ച് രണ്ടിന് ഉദ്ഘാടന പരിപാടിയിലടക്കം ഈ മാറ്റം പ്രകടമായിരുന്നു. 2021ലെ തെരഞ്ഞെടുപ്പിന് ഇനിയും 14 മാസം ഉണ്ടെന്നിരിക്കെയാണ് മമതയുടെയും തൃണമൂലിന്റെയും ഈ നീക്കങ്ങളെല്ലാം.
21,000 പൊതുപരിപാടികള്‍ നടത്താനാണ് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. 294 മണ്ഡലങ്ങളിലായി ചെറുതും വലുതുമായ പരിപാടികളാണ് ആസൂത്രണം ചെയ്തത്. ഈ പരിപാടികളെയെല്ലാം തല്‍സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ 2,500 റിപ്പോര്‍ട്ടര്‍മാരെയും നിയമിച്ചുകഴിഞ്ഞു.
1,25,000 പ്രവര്‍ത്തകരെയാണ് അണിനിരത്തുന്നത്. ഇവരില്‍ പലരും 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി വിട്ടവരുമാണ്.
എന്നാലാകട്ടെ, ഈ പ്രവര്‍ത്തനങ്ങളെല്ലാം മമതാ ബാനര്‍ജിയുടെ പ്രതിച്ഛായ വളര്‍ത്താനുള്ളതാണെന്ന് വ്യക്തമാണ്. മമത ബംഗാളിന്റെ അഭിമാനം എന്ന ആശയത്തിലൂന്നിയ പ്രചരണ പരിപാടി തന്നെ ഇതിന് ഉദാഹരണമാണ്.
34 വര്‍ഷത്തെ ഇടത് ഭരണത്തെ തകര്‍ത്ത് അധികാരത്തിലേറിയ മമതാ ബാനര്‍ജിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് പ്രചാരണമെന്നതിലപ്പുറമുള്ള ജീവിത ചിത്രം തന്നെയാണ് വരച്ചിടാനുള്ളതെന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദ പ്രിന്റിനോട് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെയാണ് ബി.ജെ.പി ഉന്നംവെക്കുന്നത്. മമതാ ബനര്‍ജി എന്ന വ്യക്തി ഇവിടെയുണ്ട്. അവര്‍ ബംഗാളിന്റെ, ഈ മണ്ണിന്റെ മകളാണ് എന്നതാണ് ഞങ്ങള്‍ എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നത്. ഇവിടെ വന്ന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിപാര്‍ നേതാക്കളാരും ഈ മണ്ണിന്റെ മകനോ മകളോ അല്ല. അവരെ പുറംനാട്ടുകാരായിത്തന്നെ പരിഗണിക്കണം. ഈ പ്രചരണ പരിപാടിയുടെ അടിസ്ഥാന ആശയം തന്നെ ഇതാണ്’, അദ്ദേഹം പറഞ്ഞു.