കൊല്‍ക്കൊത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബി.ജെ.പിയുടെ ട്രോജന്‍ കുതിരയായി മാറുന്നെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മുഖ്യപ്രതിപക്ഷങ്ങളുടെ കൂട്ടത്തില്‍ നിന്നും മമതയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും അകറ്റി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അധിര്‍ ചൗധരി മമതയ്‌ക്കെതിരെ തുറന്നടിച്ചത്. മമത ഒരിക്കവും ‘വിശ്വസിക്കാനാവാത്ത സഖ്യകക്ഷി’യാണെന്നും അദ്ദേഹം പറഞ്ഞു.
‘പാലുകൊടുക്കുന്ന കൈക്ക് തന്നെ കൊത്താനാണ് മമത എപ്പോഴും ശ്രമിച്ചിട്ടുള്ളത്. വിശാല പ്രതിപക്ഷത്ത് നിന്നും മമതയേയും തൃണമൂലിനേയും അകറ്റി നിലര്‍ത്തേണ്ടിയിരിക്കുന്നു.
മമത ബി.ജെ.പിയുടെ ട്രോജന്‍ കുതിരയായി മാറിയിരിക്കുന്നു. ബി.ജെ.പിയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒരിക്കലും മമതയെ വിശ്വസിക്കാന്‍ പറ്റില്ല,’ അധിര്‍ ചൗധരി പറഞ്ഞു.
സി.ബി.ഐയില്‍ നിന്നും ഇ.ഡിയില്‍ നിന്നും തന്റെ കുടുംബത്തേയും പാര്‍ട്ടി നേതാക്കളെയും രക്ഷിക്കാനുള്ള ശ്രമത്തില്‍ മമത മോദിയ്ക്ക് വേണ്ടി വിടുവേല ചെയ്യുകയാണെന്നും കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ ലക്ഷ്യത്തിന് വേണ്ടിയാണ് മമത അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നും ചൗധരി ആരോപിച്ചു.
‘ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവാനാണ് മമത സ്വപ്‌നം കാണുന്നത്. അതിന് മമതയ്ക്ക് മുന്നിലെ പ്രധാന തടസ്സം കോണ്‍ഗ്രസാണ്. അതിനായാണ് കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്,’ ചൗധരി പറയുന്നു.
അതേസമയം ബംഗാളിലെ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താനുള്ള നീക്കത്തിലാണ് മമതാ ബാനര്‍ജി. സെപ്റ്റംബര്‍ 30നാണ് തെരഞ്ഞെടുപ്പ്. നന്ദിഗ്രാമില്‍ തോറ്റ മമതയ്ക്ക് ഭവാനിപൂരില്‍ മത്സരം നിര്‍ണായകമാണ്.
തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു. ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വരും.