പാട്‌ന: ബി.ജെ.പിയുടെ ഇരുണ്ട ഭരണകൂടത്തെ താഴെയിറക്കിയില്ലെങ്കില്‍ അടുത്ത തവണ തെരഞ്ഞെടുപ്പ് പോലുമുണ്ടാകില്ലെന്നുള്ള അവസ്ഥയാണുള്ളതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്തവണ ബി.ജെ.പി ഏതെല്ലാം രാഷ്ട്രീയ അജണ്ടകളുമായി വന്നാലും ഞങ്ങള്‍ ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കുമെന്നും മമത പറഞ്ഞു. പാട്‌നയില്‍ 15ലേറെ വരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.
അടുത്ത വട്ടം അവര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പുകളും ഇവിടെ ബാക്കി കാണില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ബി.ജെ.പിയുടെ ഇരുണ്ട ഭരണകൂടത്തെ താഴെയിറക്കാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായിരിക്കും. ബി.ജെ.പി ഏതെല്ലാം രാഷ്ട്രീയ അജണ്ടകളുമായി വന്നാലും ഞങ്ങള്‍ ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കും.
സാധാരണക്കാരായ മനുഷ്യരെ അവഗണിച്ചാണ് ബി.ജെ.പി ഗവണ്‍മെന്റ് മുന്നോട്ടു പോകുന്നത്. ഞങ്ങളുടെയെല്ലാം ചോരയൊഴുക്കേണ്ടി വന്നാാലും വേണ്ടില്ല ഈ നാടിനേയും ജനതയേയും ബി.ജെ.പിയില്‍ നിന്ന് രക്ഷിച്ചിരിക്കും. ബി.ജെ.പി ചരിത്രത്തെ മായ്ച്ചു കളയാനാണ് ശ്രമിക്കുന്നത്. പാട്‌നയില്‍ നിന്ന് ചരിത്രത്തിന് തുടക്കമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
മണിപ്പൂര്‍ അഗ്നിക്കിരയാകുമ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ തീയാണുള്ളത്. ബി.ജെ.പിയുടെ ഏകാധിപത്യ ഭരണവും ഭരണകൂട ആക്രമണങ്ങളും അതിഭീകരമാണ്. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളെ അട്ടിമറിച്ച് ഗവര്‍ണര്‍മാരുടെ പിന്തുണയോടെ അവര്‍ ഭരണം പിടിക്കുകയാണ്.
ഞങ്ങള്‍ ഒറ്റക്കെട്ടാണ്, ബി.ജെ.പിക്കെതിരെ ഞങ്ങള്‍ ഒറ്റക്കെട്ടായി പൊരുതും, ജൂലൈയില്‍ ഷിംലയില്‍ ഞങ്ങള്‍ യോഗം ചേരും. ഞങ്ങളെ പ്രതിപക്ഷ നേതാക്കളെന്ന് വിളിച്ച് മാറ്റിനിര്‍ത്തരുത്. ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരാണ്. ഞങ്ങളും ദേശസ്‌നേഹികളാണ്.
മാധ്യമങ്ങളെ അവര്‍ നിയന്ത്രിക്കുകയാണ്. എതിര്‍ക്കുന്നവരെയെല്ലാം അവര്‍ സി.ബി.ഐയെയും ഇ.ഡിയെയും കാണിച്ച് ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്,’ മമത പറഞ്ഞു.