| Sunday, 4th June 2023, 7:58 pm

മരണക്കണക്കുകള്‍ ചോദ്യം ചെയ്ത് മമത ബാനര്‍ജി; ബംഗാളില്‍ നിന്ന് 61 പേര്‍ മരിച്ചു; 182 പേരെ ഇപ്പോഴും കാണാനില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാലസോര്‍: ഒഡിഷയിലെ ട്രെയിന്‍ അപകടത്തിന് പിന്നിലെ റെയില്‍വേ മന്ത്രാലയം പുറത്തുവിട്ട മരണക്കണക്കുകള്‍ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ സംസ്ഥാനത്ത് നിന്ന് 61 പേര്‍ മരിച്ചുവെന്നും 182 പേരെ ഇപ്പോഴും കാണാനില്ലെന്നും അവര്‍ കൊല്‍ക്കത്തയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

‘ബാലസോറിലെ ട്രിപ്പിള്‍ ട്രെയിന്‍ അപകടത്തില്‍ 275 പേര്‍ മരിക്കുകയും 1,175 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഒരു സംസ്ഥാനത്ത് നിന്ന് 182 പേരെ കാണാതാവുകയും 61 പേര്‍ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്താല്‍, കണക്കുകള്‍ എവിടെ നില്‍ക്കും.

സത്യം പുറത്തുവരണമെന്നാണ് ആഗ്രഹിക്കുന്നത്. ഇന്നലെ നേരില്‍ കണ്ടപ്പോള്‍ റെയില്‍വേ മന്ത്രിയോട് ആന്റി കൊളിഷന്‍ സിസ്റ്റത്തെ പറ്റി ചോദിച്ചിരുന്നു. അദ്ദേഹം ഒന്നും മിണ്ടുകയുണ്ടായില്ല.

സ്വന്തം പദവി സംരക്ഷിക്കാനായി അദ്ദേഹം മിണ്ടാതിരിക്കുകയാണ്. ഇപ്പോള്‍ രാജിയൊന്നും ആവശ്യപ്പെടുന്നില്ല. എന്നാല്‍ ജനങ്ങളുടെ കോടതിയില്‍ രാജിവെക്കേണ്ടി വരും. അപ്പോള്‍ ഞാന്‍ മറുപടി നല്‍കാം,’ മമത പറഞ്ഞു.

കൂട്ടിയിടിച്ച ഷാലിമാര്‍-ചെന്നൈ കൊറോമണ്ഡല്‍ എക്‌സ്പ്രസിലും ബെംഗളൂരു-ഹൗറ സൂപ്പര്‍ ഫാസ്റ്റിലും ആന്റി കൊളിഷന്‍ സിസ്റ്റം എന്തുകൊണ്ടാണ് സ്ഥാപിക്കാതിരുന്നതെന്നും മമത ചോദിച്ചു.

‘മൂന്ന് ട്രെയിനുകള്‍ തമ്മില്‍ എങ്ങനെയാണ് കൂട്ടിയിടിച്ചത്? കൊട്ടിഘോഷിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ എഞ്ചിനുകള്‍ നിലവാരം പുലര്‍ത്തുന്നുണ്ടോ? താന്‍ റെയില്‍വേ മന്ത്രിയായിരിക്കെ അവതരിപ്പിച്ച തുരന്തോ എക്സ്പ്രസ് ട്രെയിനുകള്‍ മുന്‍ഗണനയില്‍ നിന്ന് പിന്തള്ളപ്പെട്ടു,’ മമത കൂട്ടിച്ചേര്‍ത്തു.

Content Highlight: mamata banerji questions railway’s numbers on odisha train accident death toll

We use cookies to give you the best possible experience. Learn more