കൊല്‍ക്കത്ത: സി.പി.ഐ.എം മത്സര രംഗത്തുള്ള മണ്ഡലങ്ങളിലും ബി.ജെ.പിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനാണ് കരുത്തെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യണമെന്ന് പശ്ചിമബംഗാളിലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര. പി.ടി.ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നിങ്ങളുടെ മണ്ഡലത്തില്‍ ബി.ജെ.പി, തൃണമൂല്‍ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കരുത്ത് കോണ്‍ഗ്രസിനാണെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്യുക. ഇടതുപക്ഷത്തിനാണ് ആ കരുത്തെങ്കില്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്യുക” എന്നാണ് മിശ്ര പറഞ്ഞത്.
“തെലങ്കാനയില്‍ ബി.ജെ.പി വിരുദ്ധ, ടി.എം.സി വിരുദ്ധ വോട്ടുകള്‍ പറ്റാവുന്നത്ര ഏകീകരിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനാലാണ് സീറ്റ് ഷെയറിങ്ങിന് ശ്രമിച്ചത്. കഴിഞ്ഞതവണ കോണ്‍ഗ്രസും സി.പി.ഐ.എമ്മും നേടിയ ആറ് ലോക്‌സഭാ സീറ്റുകളില്‍ മത്സരം വേണ്ടെന്നുവെക്കാനും ശ്രമിച്ചിരുന്നു. പക്ഷേ അത് നടന്നില്ല. അതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നില്ല. സീറ്റ് പങ്കുവെക്കല്‍ എന്തുകൊണ്ട് നടക്കാതെ പോയി എന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെ. ” അദ്ദേഹം പറഞ്ഞു.
“കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ വരാനാണ് ഞങ്ങള്‍ താല്‍പര്യപ്പെടുന്നത്. ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയാന്‍ ആ സര്‍ക്കാറിന് ജനങ്ങളുടെ സഹായം വേണ്ട ആവശ്യം വന്നാല്‍ തീര്‍ച്ചയായും ഞങ്ങള്‍ പിന്തുണയ്ക്കും.” എന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഐക്യമുണ്ടാക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ ശ്രമം ബി.ജെ.പിയെ സഹായിക്കാനുള്ള കളി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ” കുറഞ്ഞത് 10-12 സീറ്റുകളിലെങ്കിലും ബി.ജെ.പി- ടി.എം.സി സഖ്യമുണ്ട്. ആ സീറ്റുകളില്‍ ടി.എം.സി ബി.ജെ.പിയെ സഹായിക്കും.” മിശ്ര ആരോപിച്ചു.