'രാജ്യത്തു തീയിടുക എന്നതല്ല, തീ അണയ്ക്കുക എന്നതാണ് നിങ്ങളുടെ ജോലി'; അമിത് ഷായോട് മമത; ബംഗാളില്‍ മൂന്നാംദിവസവും പടുകൂറ്റന്‍ റാലി
CAA Protest
'രാജ്യത്തു തീയിടുക എന്നതല്ല, തീ അണയ്ക്കുക എന്നതാണ് നിങ്ങളുടെ ജോലി'; അമിത് ഷായോട് മമത; ബംഗാളില്‍ മൂന്നാംദിവസവും പടുകൂറ്റന്‍ റാലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2019, 2:55 pm

കൊല്‍ക്കത്ത: തുടര്‍ച്ചയായ മൂന്നാം ദിവസവും ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു നേതൃത്വം നല്‍കി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആയിരക്കണക്കിനാളുകളാണ് ഇന്ന് ഹൗറാ മൈതാനത്തു നിന്നാരംഭിച്ച റാലിയില്‍ അണിചേര്‍ന്നത്.

രാജ്യത്തു തീയിടുക എന്നുള്ളതല്ല, തീ അണയ്ക്കുക എന്നുള്ളതാണ് താങ്കളുടെ ജോലിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് മമത പറഞ്ഞു. റാലിയില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

ബംഗാൡ പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും അനുവദിക്കില്ലെന്ന് മമത ആവര്‍ത്തിക്കുകയും ചെയ്തു. ‘ആരോടും സംസ്ഥാനം വിട്ടുപോകാന്‍ ആവശ്യപ്പെടില്ല. എല്ലാ മതങ്ങളുടെയും ജാതികളുടെയും കൂട്ടായ നിലനില്‍പ്പിലാണു ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇന്ത്യയിലെ പൗരന്മാരാണു നമ്മള്‍. അതാരും എടുത്തുകൊണ്ടുപോവില്ല.’- മമത പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മമതയുടെ നേതൃത്വത്തില്‍ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലി നടന്നിരുന്നു. പാര്‍ലമെന്റിലും നിയമത്തിനെതിരെയാണ് തൃണമൂല്‍ അംഗങ്ങള്‍ നിലപാടെടുത്തത്.

അതേസമയം നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നതിനെതിരെ മമത രംഗത്തെത്തിയിരുന്നു.

ബംഗാളിലെ പല സ്ഥലങ്ങളിലും തീവെപ്പും അക്രമ സംഭവങ്ങളും അരങ്ങേറിയതോടെയാണ് മമത രംഗത്തെത്തിയത്. ജനാധിപത്യ പരമായ രീതിയില്‍ പ്രതിഷേധിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും മമത പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ എന്‍.ആര്‍.സിയില്‍ നിലപാട് വ്യക്തമാക്കി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രസര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കിയാല്‍ അതില്‍ ഒപ്പിടാതിരിക്കുന്ന ആദ്യ വ്യക്തി താനാകുമെന്നായിരുന്നു ഭൂപേഷ് ഭാഗേല്‍ പറഞ്ഞത്.