ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ വളര്‍ച്ച മമതാ ബാനര്‍ജിയുടെ പരാജയമാണെന്ന് കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ചന്‍ ചൗധരി. സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടത്തില്‍ ഒപ്പം നില്‍ക്കണമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം തള്ളുന്നതായിരുന്നു ചൗധരിയുടെ പ്രസ്താവന.
‘ജനങ്ങള്‍ എന്തെങ്കിലും പറയുകയും അവരുടെ വാക്കുകളിലേക്ക് തിരിച്ചുപോകുകയും ചെയ്യുന്നു. അത് അവരുടെ സ്വഭാവമാണ്. അവര്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ സീരിയസ് ആയിരുന്നെങ്കില്‍ അവര്‍ നമ്മുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമായിരുന്നു. പശ്ചിമ ബംഗാളില്‍ ബി.ജെ.പി വളരുന്നുണ്ടെങ്കില്‍ അത് മമതയുടെ പരാജയം കൊണ്ടാണ്.’അധിര്‍ രഞ്ജന്‍ ചൗധരി എ.എന്‍.ഐയോട് പ്രതികരിച്ചു.
പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് മമതയുടെ നയങ്ങളാണെന്നും ബി.ജെ.പിക്കെതിരെ പോരാടാന്‍ മമതയുടെ ആവശ്യമില്ലെന്നുമായിരുന്നു നേരത്തെ കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മാനന്‍ പ്രതികരിച്ചിരുന്നു.
സംസ്ഥാനത്ത് ഒരു സമാന്തര സര്‍ക്കാര്‍ കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ബി.ജെ.പിയ്ക്കെതിരായ തന്റെ യുദ്ധത്തില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒപ്പം ചേരണമെന്നുമായിരുന്നു നിയസഭയില്‍ മമത ആവശ്യപ്പെട്ടത്.
‘ഈ നാട്ടിലെ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ ഭട്പര പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നു വിശ്വസിക്കുന്നു. എനിക്കു തോന്നുന്നത് നമ്മളെല്ലാം, അതായത് തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, കോണ്‍ഗ്രസ് എന്നിവരെല്ലാം ഒന്നിച്ചുനിന്ന് ബി.ജെ.പിയെ എതിര്‍ക്കണം എന്നാണ്. രാഷ്ട്രീയമായി ഒന്നിച്ചുനില്‍ക്കണമെന്ന് അതിനര്‍ഥമില്ല. പക്ഷേ ദേശീയതലത്തില്‍ സമാനമായ അഭിപ്രായങ്ങളില്‍ നമ്മള്‍ ഒന്നിച്ചുനില്‍ക്കണം.’- എന്നായിരുന്നു മമത പറഞ്ഞത്.
എന്നാല്‍ മമതയുടെ ആവശ്യത്തോടും ഇരുപാര്‍ട്ടികളും മുഖം തിരിക്കുകയാണ് ഉണ്ടായത്. മമതയുടെ നയങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് കളമൊരുക്കിയതെന്നാണ് കോണ്‍ഗ്രസും സി.പി.ഐ.എമ്മും ആരോപിച്ചത്.
മമതാ ബാനര്‍ജി ഭയത്തിന്റെ പിടിയിലാണെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബംഗാളില്‍ വിജയിക്കാനാവില്ലെന്ന് മമതയ്ക്ക് വ്യക്തമായി അറിയാമെന്നുമായിരുന്നു ബി.ജെ.പി വക്താവ് ദിലീപ് ഘോഷ് പ്രതികരിച്ചത്.