| Tuesday, 5th December 2023, 7:54 am

യോഗത്തിലേക്ക് ക്ഷണമില്ല; ഇന്ത്യാ മുന്നണി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിളിച്ച ഇന്ത്യാ മുന്നണി യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. ഇന്ത്യാ മുന്നണിയിലെ അംഗമായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ തനിക്ക് യോഗത്തെ കുറിച്ച് അറിവില്ലെന്നും യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും മമത പറഞ്ഞു. ബുധനാഴ്ചയാണ് ന്യൂദല്‍ഹിയില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

‘ഈ മീറ്റിങ്ങിനെ കുറിച്ച് എനിക്ക് ഒരു വിവരവുമില്ല. എന്നെ ആരും ഫോണില്‍ അറിയിച്ചിട്ടില്ല. ഏതായാലും ഡിസംബര്‍ 6ന് ഞാന്‍ വടക്കന്‍ ബംഗാളില്‍ ആയിരിക്കും. മീറ്റിങ്ങിനെ കുറിച്ച് എനിക്ക് നേരത്തെ അറിയാമായിരുന്നെങ്കില്‍, അതിനനുസരിച്ച് ഞാന്‍ എന്റെ പ്രോഗ്രാം ഷെഡ്യൂള്‍ ചെയ്യുമായിരുന്നു. അവസാന നിമിഷത്തില്‍ എനിക്ക് എങ്ങനെ ഷെഡ്യൂള്‍ മാറ്റാനാകും,’ മാധ്യമപ്രവര്‍ത്തകരോട് മമത പറഞ്ഞു.

പ്രതിപക്ഷ സഖ്യ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മറ്റാരെയെങ്കിലും നിയോഗിക്കുമോ എന്നതിലും വ്യക്തതയില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഘടകക്ഷികളുമായി സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച തീരുമാനങ്ങള്‍ മുന്നണിക്കുള്ളില്‍ വിള്ളല്‍ ഉണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസുമായുള്ള അസ്വാരസ്യങ്ങള്‍ക്കിടയിലാണ് മമതയുടെ പ്രസ്താവന.

കഴിഞ്ഞ ദിവസം രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായത് തങ്ങള്‍ ഉയര്‍ന്ന കൈയാണെന്ന മനോഭാവമാണെന്ന് മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും കുറ്റപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി സ്ട്രാറ്റജി യോഗത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ കോണ്‍ഗ്രസ് സ്വീകരിക്കേണ്ട തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്തതായി മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ബുധനാഴ്ച ചേരുന്ന മുന്നണി യോഗം അനൗപചാരികമായിരിക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

Content Highlight: Mamata Banerjee will not attend the India Front meeting

Latest Stories

We use cookies to give you the best possible experience. Learn more