അലിഗഡ്:പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ വീണ്ടും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബംഗാളില്‍ നേതാക്കളെ കാലുകുത്താന്‍ അനുവദിക്കാത്ത മമത ബാനര്‍ജിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച അമിത് ഷാ അവരുടെ ചെയ്തികളുടെ ഫലം അവര്‍ അനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ പറക്കാന്‍ അനുവദിച്ചില്ല. തന്റെ ഹെലികോപ്റ്ററും ഇറങ്ങാന്‍ അനുവദിച്ചില്ല. ശിവരാജ് സിംഗ് ചൗഹാനും ഇതേ അവസ്ഥയുണ്ടായി. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ ചെറിയ മൈതാനമാണ് അനുവദിച്ചത്. അതും അന്ന് രാത്രിയില്‍ മാത്രമാണ് അനുമതി നല്‍കിയത്. ഇതെല്ലാം കാണിക്കുന്നത് അവരുടെ സമയം അടുത്തു എന്നതാണ്. ബി.ജെ.പി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് നേടാന്‍ പോകുന്നതെന്നും ഷാ പറഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പിയുടെ ജനസമ്മിതി വര്‍ധിക്കുന്നതില്‍ മമത അസ്വസ്ഥയാണെന്നും അതു മാത്രമാണ് ബി.ജെ.പി നേതാക്കളെ സംസ്ഥാനത്ത് കയറ്റാതിരിക്കാനുള്ള കാരണമെന്നും എന്നാല്‍, തങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ 42 ലോക്‌സഭ സീറ്റുകളില്‍ 23 ലും താമരവിരിയുമെന്ന് ഉറപ്പാക്കാതെ വിശ്രമിക്കില്ലെന്നത് അവര്‍ക്ക് അറിയില്ലെന്നും അലിഗഡിലെ റാലിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.