| Friday, 16th March 2018, 10:51 am

'ദുരന്തത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ ഇത് ആവശ്യമാണ്'; ടി.ഡി.പിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: എന്‍.ഡി.എ വിടാനുള്ള ടി.ഡി.പി തീരുമാനത്തെ സ്വാഗതം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തെ ദുരന്തത്തില്‍ നിന്നു രക്ഷിക്കാന്‍ ഇത്തരം നീക്കം ആവശ്യമാണെന്ന മമത ട്വിറ്ററില്‍കുറിച്ചു. എന്‍.ഡി.എയുമായുള്ള ബന്ധം തെലുങ്കുദേശം പാര്‍ട്ടി ഉപേക്ഷിച്ച് നിമിഷങ്ങള്‍ക്കകം ആണ് തീരുമാനത്തെ സാഗതം ചെയ്ത് മമത ബാനര്‍ജി രംഗത്തെത്തിയത്.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ടി.ഡി.പി എന്‍.ഡി.എ സഖ്യം വിട്ടത്. തീരുമാനം ചന്ദ്രബാബു നായിഡു എം.പിമാരെ അറിയിച്ചു. ടി.ഡി.പിക്ക് 16 എം.പിമാരാണ് ലോക്സഭയിലുള്ളത്. ഇന്ന് അമരാവതിയില്‍ ചേരുന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ജഗന്‍മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വെള്ളിയാഴ്ച ലോക്സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനെ പിന്തുണക്കുമെന്നാണ് ടി.ഡി.പി അറിയിച്ചത്. ആന്ധ്രപ്രദേശിനെ പ്രത്യേക പദവി ആവശ്യത്തോട് കേന്ദ്രം പുറം തിരിഞ്ഞു നില്‍ക്കുന്നതാണ് പ്രാദേശിക പാര്‍ട്ടികളെ അടുപ്പിക്കുന്നത്.

ഇതേ ആവശ്യത്തില്‍ കഴിഞ്ഞ ആഴ്ച രണ്ട് ടി.ഡി.പി അംഗങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു. വ്യോമയാന വകുപ്പ് മന്ത്രി ഗജപതി രാജു, ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി വൈ.എസ് ചൗധരി എന്നിവരാണ് മന്ത്രിസഭയില്‍ നിന്നു രാജിവെച്ചത്.

We use cookies to give you the best possible experience. Learn more