'തീക്കളി ഇവിടെ വേണ്ട'; സംഘപരിവാരത്തിനു താക്കീതുമായി മമത
Daily News
'തീക്കളി ഇവിടെ വേണ്ട'; സംഘപരിവാരത്തിനു താക്കീതുമായി മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th September 2017, 7:47 pm

 

കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച് ദുര്‍ഗാപൂജയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച സംഘപരിവാരത്തിനു താക്കീതുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൂജയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് മമതാ ബാനര്‍ജി പറഞ്ഞു.


Also Read: ‘അവള്‍ക്കൊപ്പം’; സ്ത്രീകളോടുള്ള മാന്യത പുസ്തകത്തിലോ പ്രസംഗത്തിലോ ചര്‍ച്ചയായാല്‍ പോരെന്ന് വി.എസ്


ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്രംഗ് ദള്‍ തുടങ്ങിയ സംഘടനകളെയാണ് മമത താക്കീതു ചെയ്തത്. ദുര്‍ഗാപൂജയുടെ മറവില്‍ തീക്കളി വേണ്ടെന്നു പറഞ്ഞാണ് മമത വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വിജയദശമി ആഘോഷങ്ങള്‍ നിര്‍ത്തലാക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തില്‍ വ്യാജപ്രചരണം നടക്കുന്നുണ്ടെന്നു പറഞ്ഞ മമതാ മുഹറത്തോടനുബന്ധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും വ്യക്തമാക്കി.

നേരത്തെ വിജയദശമിയോട് അനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ മതകേന്ദ്രകളില്‍ ആയുധ പൂജ നടത്തുമെന്നു വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിരുന്നു ഇതിന്നു പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. മുഹറം ദിനമായ ഒക്ടോബര്‍ ഒന്നിനു മാത്രമാണ് നിയന്ത്രണമെന്നും രണ്ടാം തീയ്യതി ആഘോഷങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ലെന്നും മമത വ്യക്തമാക്കി.


Dont Miss: ‘മേക്കിങ്ങ് ഇന്ത്യ’; അഞ്ചു വയസ്സിനു താഴെയുള്ള ശിശു മരണങ്ങളില്‍ ഇന്ത്യ മുന്നിലെന്ന് സര്‍വ്വേ ഫലം


മുഹറം ദിവസത്തില്‍ ദുര്‍ഗാ വിഗ്രഹങ്ങള്‍ കടലില്‍ ഒഴുക്കാന്‍ സംഘപരിവാര്‍ തയ്യാറെടുക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു മുഹറം ദിനത്തിലെ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ രംഗത്ത് വന്നത്. സെപ്റ്റംബര്‍ 30 നു വൈകീട്ട് മുതല്‍ ഒക്ടോബര്‍ ഒന്നു വൈകീട്ട് വരെയാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് തള്ളിയ സംഘപരിവാര്‍ ആഘോഷങ്ങള്‍ നടത്തുമെന്ന് പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് നാടിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന മമതയുടെ ആഹ്വാനം. സംസ്ഥാനത്ത് എവിടെയെങ്കിലും ആയുധങ്ങള്‍ പൂജിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത് തടയാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.