| Thursday, 3rd December 2020, 4:16 pm

എല്ലാം വിറ്റുതുലക്കാനുള്ളതല്ല, കാര്‍ഷിക നിയമം പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം: മുന്നറിയിപ്പുമായി മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കര്‍ഷക വിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യ വ്യാപകമായ പ്രക്ഷോഭം നടക്കുമെന്ന് മുന്നറിയിപ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് മമത ഉന്നയിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ വിമര്‍ശനം.

‘കര്‍ഷകരെ കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നുണ്ട്. അവരുടെ ജീവിതത്തെയും ജീവനോപാധിയെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിച്ചേ മതിയാകൂ. എത്രയും പെട്ടെന്ന് ഈ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ബംഗാളില്‍ മാത്രമല്ല, രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. തുടക്കം മുതല്‍ തന്നെ ഞങ്ങള്‍ കാര്‍ഷിക നിയമത്തെ അതിശക്തമായി എതിര്‍ത്തിരുന്നു.’ മമത ട്വീറ്റ് ചെയ്തു.

എസന്‍ഷ്യല്‍ കൊമോഡോറ്റീസ് ആക്ട് സാധാരണക്കാരായ ജനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും അവശ്യ വസ്തുക്കളുടെ വില കുതിച്ചുയുരുന്നതിന് ഇടയാക്കുമെന്നും മമത ചൂണ്ടിക്കാട്ടി. കാര്‍ഷിക നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഡിസംബര്‍ നാലിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ തല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും മമത അറിയിച്ചു.

രാജ്യത്തിന്റെ സമ്പത്ത് ബി.ജെ.പിയുടെ സ്വകാര്യ സ്വത്താക്കി മാറ്റാന്‍ അനുവദിക്കരുതെന്നും സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയങ്ങളെ കുറ്റപ്പെടുത്തികൊണ്ടു മമത പറഞ്ഞു. ‘കേന്ദ്ര സര്‍ക്കാര്‍ എല്ലാം വിറ്റുമുടിക്കുകയാണ്. റെയില്‍വേയും എയര്‍ ഇന്ത്യയും കല്‍ക്കരിയും ബി.എസ്.എന്‍.എല്ലും ബി.എച്ച്.ഇ.എല്ലും ബാങ്കും പ്രതിരോധവും നിങ്ങള്‍ക്ക് വില്‍ക്കാനുള്ളതല്ല. ദുഷ്ടലാക്കോടെ നടപ്പിലാക്കിയ സ്വകാര്യവത്കരണ നയങ്ങളും പിന്‍വലിക്കണം. രാജ്യത്തിന്റെ സമ്പത്ത് ബി.ജെ.പിയുടെ സ്വകാര്യ സ്വത്തായി മാറാന്‍ നാം അനുവദിക്കരുത്.’ മമത പറഞ്ഞു.

അതേസമയം ന്യൂദല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കര്‍ഷകരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കാര്‍ഷിക നിയമം പിന്‍വലിക്കുന്നതു വരെ സമരവുമായി മു്‌ന്നോട്ടു പോകുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഇത് നാലാം വട്ടമാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നത്. നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ കര്‍ഷകരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കാത്തതിനാല്‍ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ ഈ ചര്‍ച്ച സര്‍ക്കാരിന് നല്‍കുന്ന അവസാന അവസരമായിരിക്കുമെന്ന നിലപാടിലാണ് കര്‍ഷകര്‍. ഇന്ന് നടക്കുന്ന ചര്‍ച്ച കൂടി പരാജയപ്പെട്ടാല്‍ ഒരുപക്ഷേ സര്‍ക്കാരുമായി കര്‍ഷകര്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറാകില്ല.

എന്നാല്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷായ്ക്ക് സാധിക്കുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. ആദ്യഘട്ടത്തില്‍ കര്‍ഷകരുമായി സംസാരിച്ചിരുന്നത് അമിത് ഷാ ആയിരുന്നെങ്കിലും പിന്നീട് ആ ചുമതല കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൈമാറുകയായിരുന്നു. ഇപ്പോള്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷാ തന്നെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamata Banerjee warns central govt of nation wide protest if the farmers law not withdrawn

We use cookies to give you the best possible experience. Learn more