| Tuesday, 6th February 2024, 9:51 pm

മമത ബാനർജി ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്, സീറ്റ് വിഭജനത്തിൽ ചർച്ചകൾ നടക്കുന്നു: രാഹുൽ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്നും മുന്നണി അംഗങ്ങൾക്കിടയിൽ സീറ്റ് വിഭജന ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ജാർഖണ്ഡിൽ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഗുംല ജില്ലയിലെ ബസിയയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

‘മമത ജി ഇന്ത്യ സഖ്യത്തിന്റെ ഭാഗം തന്നെയാണ്. എങ്ങനെയാണോ മറ്റ് അംഗങ്ങൾ ഭാഗമാകുന്നത് അതുപോലെ തന്നെ. മുന്നണിയിലെ അംഗങ്ങൾക്കിടയിൽ സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്, അത് വളരെ സാധാരണമാണ്,’ രാഹുൽ ഗാന്ധി പറഞ്ഞു.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്‌ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം മത്സരിക്കില്ലെന്ന് മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാൻ കോൺഗ്രസ് സി.പി.ഐ.എമ്മിനൊപ്പം കൈകോർക്കുമെന്ന് അവർ ആരോപിച്ചു.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ത്യ മുന്നണി വിട്ട് എൻ.ഡി.എയിൽ ചേർന്നതിനെ കുറിച്ചും രാഹുൽ ഗാന്ധി പ്രതികരിച്ചു. അദ്ദേഹം മുന്നണി വിട്ടതിന്റെ കാരണങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ എന്നും ഇന്ത്യ മുന്നണിയുടെ ഭാഗമായി ബീഹാറിൽ പൊരുതുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Content Highlight: Mamata Banerjee ‘very much’ part of INDIA bloc, seat-sharing talks on: Rahul Gandhi

We use cookies to give you the best possible experience. Learn more