ദയവായി ജനാധിപത്യത്തെ ഒന്ന് രക്ഷിക്കൂ; ചീഫ് ജസ്റ്റിസിനോട് മമത ബാനര്‍ജി
national news
ദയവായി ജനാധിപത്യത്തെ ഒന്ന് രക്ഷിക്കൂ; ചീഫ് ജസ്റ്റിസിനോട് മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th October 2022, 4:09 pm

കൊല്‍ക്കത്ത: രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്തരത്തിലുള്ള ട്രെന്‍ഡ് തുടരുകയാണെങ്കില്‍ രാജ്യം വൈകാതെ തന്നെ പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക് പോകുമെന്നും മമത പറഞ്ഞു.

കൊല്‍ക്കത്തയില്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡികല്‍ സയന്‍സസിലെ (National University of Juridical Sciences) ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിതും ചടങ്ങില്‍ സന്നിഹിതനായിരുന്നു. എന്‍.യു.ജെ.എസിന്റെ ചാന്‍സലര്‍ കൂടിയാണ് ചീഫ് ജസ്റ്റിസ്.

ജനാധിപത്യത്തിന്റെയും ഫെഡറല്‍ ഘടനയുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് ചടങ്ങില്‍ വെച്ച് മമത ബാനര്‍ജി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. നീതിന്യായ സംവിധാനങ്ങള്‍ ജനങ്ങളെ ചൂഷണങ്ങളില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കണമെന്ന് പറഞ്ഞ ബംഗാള്‍ മുഖ്യമന്ത്രി ജനാധിപത്യ അധികാരങ്ങള്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം പിടിച്ചെടുത്തിരിക്കുകയാണെന്നും ഇതില്‍ അടിയന്തരമായി ഇടപെടണമെന്നും കൂട്ടിച്ചേര്‍ത്തു.

”എവിടെയാണ് ജനാധിപത്യം? ദയവായി ജനാധിപത്യത്തെ സംരക്ഷിക്കൂ,” മമത പറഞ്ഞു.

മാധ്യമങ്ങളുടെ പക്ഷപാതപരമായ പെരുമാറ്റത്തെ കുറിച്ചും മമത സംസാരിച്ചു. ”അവര്‍ക്ക് ആരെയെങ്കിലും ചൂഷണം ചെയ്യാനാകുമോ? ആര്‍ക്ക് നേരെയെങ്കിലും ആരോപണമുന്നയിക്കാനാവുമോ?

സാര്‍ ഞങ്ങളുടെ അന്തസ്സാണ് ഞങ്ങളുടെ അഭിമാനം. അഭിമാനം നഷ്ടപ്പെട്ടാല്‍ പിന്നെ എല്ലാം നഷ്ടപ്പെട്ടു (Izzat loot liya, toh sab loot liya),” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചാന്‍സലറെന്ന നിലയില്‍ എന്‍.യു.ജെ.എസിന്റെ വളര്‍ച്ചയില്‍ യു.യു. ലളിത് വഹിച്ച പങ്കിനെ മുഖ്യമന്ത്രി പ്രശംസിച്ചു.

”ഞാന്‍ ജസ്റ്റിസ് യു.യു. ലളിതിനെ അഭിനന്ദിച്ചേ മതിയാകൂ. ഈ അവസരത്തില്‍ വെച്ച് അത് പറയാമോ എന്നെനിക്കറിയില്ല. എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ നീതിന്യായ സംവിധാനം എന്താണെന്നുള്ളത് അദ്ദേഹം കാണിച്ചുതന്നു.

ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ ഈയിടെയായി മോശം എന്നതില്‍ നിന്ന് വളരെ മോശം അവസ്ഥയിലെത്തിയിട്ടുണ്ട്,” മമത ബാനര്‍ജി വ്യക്തമാക്കി.

Content Highlight: Mamata Banerjee urges Supreme Court Chief Justice to save democracy