കൊല്‍ക്കത്ത: ടെലിഫോണ്‍ കോളുകളില്‍ ഹലോ എന്ന് സംബോധന ചെയ്യുന്നതിന് പകരം ജയ് ‘ബംഗ്ല’ എന്ന് ഉപയോഗിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അന്താരാഷ്ട്ര മാതൃഭാഷ ദിനത്തോടനുബന്ധിച്ചായിരുന്നു മമതയുടെ പ്രഖ്യാപനം.
കേന്ദ്രത്തിലെ ചില നേതാക്കള്‍ ബംഗാളി സംസ്‌കാരത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും അത് ചെറുക്കേണ്ടത് ബംഗാളിന്റെ തന്നെ നിലനില്‍പ്പിനാവശ്യമാണെന്നും മമത പറഞ്ഞു.
”ദല്‍ഹിയിലെ ചില നേതാക്കള്‍ പറയുന്നു, ബംഗാളിന്റെ നട്ടെല്ലു തകര്‍ക്കാന്‍ അവര്‍ക്ക് അറിയാമെന്ന്. അത് അത്ര എളുപ്പമല്ല. ബംഗാളി ജനതയുടെ നട്ടെല്ല് തകര്‍ക്കാനും കണ്ണില്‍ പൊടിയിടാനും നിങ്ങള്‍ക്ക് സാധിക്കില്ല. അതിനാല്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇനി മുതല്‍ ടെലിഫോണ്‍ സംബോധനയില്‍ ‘ഹലോ’യ്ക്ക് പകരം ‘ജയ് ബംഗ്ലാ’ എന്ന് ഉപയോഗിക്കു”, മമത പറഞ്ഞു.
ഇതിനിടെ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയില്‍ ഒരു രൂപ കുറച്ച് മമത ബാനര്‍ജി ബി.ജെ.പിയെ വെല്ലുവിളിച്ചിരുന്നു. ഞായറാഴ്ച അര്‍ദ്ധരാത്രിമുതല്‍ നികുതി ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് മമത പറഞ്ഞു.
നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ പാവപ്പെട്ടവരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മമത ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.
അതേസമയം രാജ്യത്ത് തുടര്‍ച്ചയായി പതിമൂന്ന് ദിവസം ഇന്ധന വില കൂട്ടിയിരുന്നു. പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ജനരോഷം ഉയരുന്നുണ്ട്.
രാജ്യത്തെ പല സ്ഥലങ്ങളിലും പെട്രോളിന്റെ വില നൂറ് കടന്നു. ഡീസലിന്റെ വിലയും 90 രൂപക്ക് മുകളിലായിരുന്നു. ഇന്ധനവില വര്‍ധനവ് പച്ചക്കറിയുടെയും മറ്റു അവശ്യ സാധനങ്ങളുടെയും വില വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ സമരങ്ങള്‍ നടന്നുവരുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക