കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച്ച നടത്തും. ബുധനാഴ്ച്ച ദല്‍ഹിയില്‍ വെച്ചായിരിക്കും കൂടികാഴ്ച്ചയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
ചൊവ്വാഴ്ച്ച മമത ബാനര്‍ജി ദല്‍ഹിയിലേക്ക് പുറപ്പെടും. പശ്ചിമബംഗാളിലെ ഭരണസംബന്ധമായ വിഷയങ്ങളാണ് ഇരുവരും ചര്‍ച്ചചെയ്യുകയെന്നും സെക്രട്ടറിയേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും കടുത്ത വിമര്‍ശകരില്‍ ഒരാളാണ് മമതാ ബാനര്‍ജി. അതിനാല്‍ തന്നെ ഇരുവരുടേയും കൂടികാഴ്ച്ച വളരെ നിര്‍ണ്ണായകമായിരിക്കും.
ശാരദാ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുന്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് സി.ബി.ഐ നോട്ടീസ് നല്‍കിയ സാഹചര്യവും നിലനില്‍ക്കെയാണ് ഇരുവരുടേയും കൂടികാഴ്ച്ച.
രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയില്‍ എത്തിയതിനെത്തുടര്‍ന്ന് ബംഗാളില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ വൈരാഗ്യപൂര്‍വം പ്രവര്‍ത്തിക്കുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യാഗ്രഹം ഇരിക്കുകയും ചെയ്തിരുന്നു.
2018 മെയിലായിരുന്നു ഇരുവരുടേയും അവസാന കൂടികാഴ്ച്ച.