| Sunday, 22nd April 2012, 9:33 am

വാര്‍ത്താചാനലും പത്രവും തുടങ്ങുമെന്ന് മമത; ദൈനിക് പശ്ചിമബംഗായും പശ്ചിമബംഗായും ഉടന്‍ തുടങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ സ്വന്തം വാര്‍ത്താ ചാനലും ദിനപ്പത്രവും തുടങ്ങുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ദൈനിക് പശ്ചിമബംഗാ എന്നാണ് ന്യൂസ് പേപ്പറിന് പേരിട്ടിരിക്കുന്നതെന്നും മമത വ്യക്തമാക്കി. പശ്ചിമബംഗാ എന്നാണ് ടിവി ചാനലിന്റെ പേര്.

തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരെ മാധ്യമങ്ങള്‍ രൂക്ഷവിമര്‍ശമുയര്‍ത്തിവരുന്ന സാഹചര്യത്തിലാണ് ഔദ്യോഗികമാധ്യമങ്ങള്‍ തുടങ്ങാന്‍ ശ്രമം തുടങ്ങിയത്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളൊന്നും ശരിയായ രീതിയില്‍ ജനങ്ങളിലേക്കെത്തുന്നില്ലെന്ന് മമത കുറ്റപ്പെടുത്തി.

നിഷേധാത്മകവാര്‍ത്തകള്‍ക്കാണ് പ്രാധാന്യം ലഭിക്കുന്നത്. ശരിയായ വിവരം ജനങ്ങളിലെത്തിക്കുകയെന്നതാവും പുതിയ ചാനലിന്റെയും പത്രത്തിന്റെയും ലക്ഷ്യം. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും പ്രചാരണം നല്‍കുകയും ചെയ്യുമെന്നും മമത പറഞ്ഞു.

തനിക്കെതിരെ മാധ്യമങ്ങള്‍ കുപ്രചരണം നടത്തുകയാണെന്ന് മമത കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. തനിക്കെതിരെ കള്ളവാര്‍ത്തകള്‍ നല്‍കുന്ന പത്രങ്ങളും ചാനലുകളും കാണുന്നതിന് പകരം പാട്ടുകേട്ടിരിക്കാന്‍ മമത ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാറിന്റെ ധനസഹായം ലഭിക്കുന്ന ലൈബ്രറികളിലും വായനശാലകളിലും സി.പി.ഐ.എം മുഖപത്രവും, ഇംഗ്ലീഷ് പത്രങ്ങളും വാങ്ങുന്നതിന് മമതസര്‍ക്കാര്‍ കഴിഞ്ഞ മാസം വിലക്കേര്‍പ്പെടുത്തിയിരുന്നു. കൂടാതെ തനിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച പ്രഫസര്‍ക്കെതിരെ മമത നടപടിയെടുത്തതും വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more