ന്യൂദല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സത്യപ്രതിജ്ഞയില്‍ സംബന്ധിക്കാന്‍ മോദി മമതയെ ക്ഷണിച്ചിരുന്നു. മെയ് 30നാണ് രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇക്കാര്യം സംസാരിച്ചെന്നും സത്യപ്രതിജ്ഞാ ചടങ്ങ് ഔപചാരിക പരിപാടിയായതിനാല്‍ പങ്കെടുക്കാനാണ് തീരുമാനമെന്നും മമതാ ബാനര്‍ജി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നരേന്ദ്ര മോദിയും മമത ബാനര്‍ജിയും നിരവധി തവണ കൊമ്പുകോര്‍ത്തിരുന്നു. പലപ്പോഴും മോദിയേയും ബി.ജെ.പിയേയും മമത രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഫോനി ചുഴലിക്കാറ്റ് സമയത്ത് സ്ഥിതി വിശേഷം അന്വേഷിക്കാന്‍ മോദി ഫോണ്‍ വിളിച്ചിട്ടും മമത മറുപടി നല്‍കിയില്ല എന്നതടക്കമുള്ള വിവാദങ്ങളും തെരഞ്ഞെടുപ്പു കാലത്ത് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ ഞെട്ടിച്ച് 18 സീറ്റുകള്‍ ബംഗാളില്‍ ബി.ജെ.പിക്ക് നേടാനായി.
30-ന് വൈകീട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ബിംസ്റ്റെക് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരാണ് പങ്കെടുക്കുക.