| Monday, 10th June 2024, 12:52 pm

മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മമത ലൈറ്റണച്ച് ഇരുട്ടിലിരുന്ന് പ്രതിഷേധിച്ചു: സാഗരിക ഘോഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എം.പി സാഗരിക ഘോഷ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ലൈറ്റുകളച്ച് ഇരുട്ടില്‍ ഇരിക്കുകയായിരുന്നു എന്നാണ് സാഗരിക ഘോഷ് പറഞ്ഞത്.

‘നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ’ ആഘോഷിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഇന്ത്യയുടെ ഏക വനിതാ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സന്ദേശം ഞാന്‍ പങ്കുവെക്കുകയാണ്

ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട ഒരു പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന സമയം മുഴുവന്‍ ലൈറ്റുകളച്ച് ഇരുട്ടിലിരിക്കുകയായിരുന്നു മമത ബാനര്‍ജി.

വാരണാസിയില്‍ തോറ്റുപോയ, അയോധ്യയില്‍ പരാജയപ്പെട്ട നേതാവാണ് അദ്ദേഹം. മോദിയെ പൂര്‍ണ്ണമായും കേന്ദ്രീകരിച്ചുള്ള പ്രചാരണം ഉണ്ടായിട്ടും അദ്ദേഹത്തിന് വാരാണസിയില്‍ മികച്ച ഭൂരിപക്ഷം നേടാനായില്ല. മോദിക്ക് പകരക്കാരനെ ബി.ജെ.പി കണ്ടെത്തേണ്ടിയിരിക്കുന്നു. ബി.ജെ.പി ഒരു പുതിയ നേതാവിനെ തെരഞ്ഞെടുക്കേണ്ടിയിരിക്കുന്നു,’ എന്നാണ് സാഗരിക ഘോഷ് എക്‌സില്‍ കുറിച്ചത്.

രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സാഗരിക ഘോഷ് ഞായറാഴ്ച പറഞ്ഞിരുന്നു.

‘മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ‘ധാര്‍മ്മിക നിയമസാധുത’ പ്രതിപക്ഷം അംഗീകരിക്കുന്നില്ല,’ എന്നായിരുന്നു സാഗരിക ഘോഷ് പറഞ്ഞത്. മമത ബാനര്‍ജിയും ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന്, തനിക്ക് ക്ഷണം ലഭിച്ചിട്ടില്ല, പോകുകയുമില്ല എന്നായിരുന്നു മമത ബാനര്‍ജിയുടെ മറുപടി.

അതേസമയം സാഗരിക ഘോഷിന്റെ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും അഭിപ്രായം രേഖപ്പെടുത്തുന്നവരുണ്ട്. മോദിയുടെ ജനപ്രിയത ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നും അതുകൊണ്ടാണ് അദ്ദേഹം തന്നെ മൂന്നാം വട്ടവും പ്രധാനമന്ത്രിയായതെന്ന് ചിലര്‍ പറയുമ്പോള്‍ മോദിയെ പ്രധാനമന്ത്രിയാക്കിയത് ബി.ജെ.പിയുടെ നിവൃത്തികേടുകൊണ്ടാണെന്നാണ് മറ്റുചിലരുടെ കമന്റുകള്‍.

ബി.ജെ.പിയുടെ സീറ്റിലുണ്ടായ കുറവ് അദ്ദേഹത്തിനോടുള്ള ഇന്ത്യയിലെ ജനങ്ങളുടെ വിയോജിപ്പാണ് പ്രകടമാക്കുന്നതെന്നായിരുന്നു പ്രതികരണങ്ങള്‍.

Content Highlight: Mamata Banerjee Switched Off Lights & Sat In Darkness During PM Modi’s Swearing-In Ceremony

We use cookies to give you the best possible experience. Learn more