ന്യൂദല്‍ഹി: നിതി ആയോഗ് യോഗത്തില്‍ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. ദല്‍ഹിയില്‍ നടന്ന നിതി ആയോഗിന്റെ 9ാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ നിന്നാണ് മമത ഇറങ്ങിപ്പോയത്.
അഞ്ച് മിനിറ്റ് മാത്രമേ സംസാരിക്കാന്‍ അനുവദിച്ചുള്ളൂവെന്നും തന്റെ മൈക്ക് ഓഫ് ചെയ്‌തെന്നും മമത പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് നിതി ആയോഗ് യോഗം ചേരുന്നത്.
‘നിങ്ങള്‍ (കേന്ദ്ര സര്‍ക്കാര്‍) സംസ്ഥാന സര്‍ക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എന്റെ മൈക്ക് മ്യൂട്ട് ചെയ്തു. എന്നെ അഞ്ച് മിനിറ്റ് മാത്രമേ സംസാരിക്കാന്‍ അനുവദിച്ചുള്ളൂ. എനിക്ക് മുമ്പുള്ള ആളുകള്‍ 10-20 മിനിറ്റ് വരെ സംസാരിച്ചു,’ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ മമത ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഞാന്‍ മാത്രമാണ് പ്രതിപക്ഷത്ത് നിന്ന് പങ്കെടുത്തത്, എന്നിട്ടും എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇത് അപമാനകരമാണ്,’ മമത പറഞ്ഞു.
പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളും യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിച്ചിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരാണ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 2024 ലെ കേന്ദ്ര ബജറ്റില്‍ തങ്ങളുടെ സംസ്ഥാനങ്ങളോട് പക്ഷപാതം കാണിച്ചുവെന്നാരോപിച്ചാണ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചത്.
ഇവര്‍ക്ക് പുറമെ തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ്, ദല്‍ഹി സര്‍ക്കാരുകളും യോഗം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഒരു പൊതുവേദിയില്‍ തങ്ങളുടെ ശബ്ദം ഉയരണമെന്ന് തനിക്ക് തോന്നിയെന്നും അതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുത്തതെന്നും മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു.
2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനാണ് യോഗം ഊന്നല്‍ നല്‍കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പങ്കാളിത്ത ഭരണവും സഹകരണവും പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ഇടപെടലുകളിലൂടെ വിവിധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും ഗ്രാമ-നഗര ഭേദമന്യേ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനുമാണ് യോഗം ലക്ഷ്യമിടുന്നത്.
നീതി ആയോഗിന്റെ പരമോന്നത സമിതിയായ കൗണ്‍സിലില്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടുന്നുണ്ട്. പ്രധാനമന്ത്രി മോദിയാണ് നിതി ആയോഗിന്റെ ചെയര്‍മാന്‍.
Content Highlight: Mamata Banerjee storms out of NITI Aayog meet