ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. മമതയുടെ പരിക്ക് ജനങ്ങളുടെ പൊതുവികാരം മുതലെടുക്കാനായാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച മമത സഞ്ചരിച്ചിരുന്ന ഹെലികോപറ്റര്‍ അടിയന്തിരമായി ലാന്‍ഡിങ് ചെയ്തതിനെ തുടര്‍ന്ന് പരിക്കേറ്റിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവന.
നേരത്തെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതക്ക് പരിക്കേറ്റിരുന്നെന്നും ഇതെല്ലാം ജനങ്ങളുടെ പൊതുവികാരത്തെ മുതലെടുക്കാന്‍ വേണ്ടിയാണെന്നും ചൗധരി പറഞ്ഞു.
‘ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് മമത ബാനര്‍ജി മതിപ്പ് നേടുകയാണ്. നേരത്തെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതക്ക് പരിക്കേറ്റിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മമതക്ക് ശരിക്കും നടക്കാന്‍ കഴിയുമെന്ന് അന്ന് ഞാന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതെല്ലാം ജനങ്ങളുടെ പൊതുവികാരത്തെ മുതലെടുക്കാന്‍ വേണ്ടിയാണ്,’ അദ്ദേഹം പറഞ്ഞു.
ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് പരിക്കേറ്റതിന് ശേഷം മമതയുമായി സംസാരിച്ചിരുന്നു. അടിയന്തിര ലാന്‍ഡിങ് നടത്തിയതിന് ശേഷം മമത ബാനര്‍ജി സുരക്ഷിതയാണെന്നത് അറിഞ്ഞതില്‍ ആശ്വാസമുണ്ടെന്ന് ആനന്ദ ബോസ് പറഞ്ഞു.
Content Highlight: Mamata Banerjee staged her injury to exploit the emotions of people: Adheer ranjan chaudari