| Friday, 13th August 2021, 3:41 pm

മരണസര്‍ട്ടിഫിക്കറ്റില്‍ കൂടി ആ മുഖം വെക്കാമായിരുന്നില്ലേ? വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രത്തെ പരിഹസിച്ച് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നരേന്ദ്ര മോദിയുടെ ചിത്രം വെക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി നരേന്ദ്ര മോദി. കേന്ദ്രം ഒരല്‍പം മാന്യതയെങ്കിലും കാണിക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലാകാമെങ്കില്‍ ഇനി മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ പടം വെച്ചുകൂടെയെന്നും മമത പരിഹസിച്ചു.

‘ഈ സ്ഥാനങ്ങളൊന്നും ആജീവനാന്തകാലത്തേക്കുള്ളതല്ല. ഇതൊന്നും സ്ഥിരമല്ല, പക്ഷെ ഈ രാജ്യവും അതിന്റെ ഭരണഘടനയും എക്കാലത്തേക്കുമുള്ളതാണ്.

ഞാന്‍ നിങ്ങളെ പിന്തുണക്കുന്നൊരാളല്ലെന്ന് വെക്കു, ഞാന്‍ നിങ്ങളുടെ ചിത്രം ഉപയോഗിക്കുമോ. പക്ഷെ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ അത് നിര്‍ബന്ധമാണ്. എനിക്കിത് കൈയ്യില്‍ കരുതിയേ മതിയാകൂ. ഇവിടെ എവിടെയാണ് ജനങ്ങള്‍ക്കൊരു സ്വാതന്ത്ര്യമുള്ളത്?

എന്തിനാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മാത്രമാക്കുന്നത്, ആ മരണസര്‍ട്ടിഫിക്കറ്റില്‍ കൂടി മോദിയുടെ പടം തന്നെ വെക്കാമായിരുന്നില്ലേ.

ഈ രാജ്യത്തിന്റെ മതേതരസ്വഭാവത്തെ നിങ്ങള്‍ക്ക് തകര്‍ക്കാനാവില്ല. ഇവിടുത്തെ ജനങ്ങളുടെ മൂല്യങ്ങളെയും നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല. നിങ്ങള്‍ക്കിഷ്ടമുള്ള പോലെ മാത്രം എഴുതാനായി ഇവിടുത്തെയാളുകളെ നിങ്ങള്‍ക്ക് നിര്‍ബന്ധിക്കാനുമാവില്ല,’ മമത ബാനര്‍ജി പറഞ്ഞു.

നേരത്തെ ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേരില്‍ നിന്നും രാജീവ് ഗാന്ധിയെ മാറ്റി മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരാക്കിയപ്പോഴും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

കായികപുരസ്‌കാരങ്ങള്‍ക്ക് കായികതാരങ്ങളുടെ പേരാണ് നല്‍കേണ്ടതെന്ന മോദിയുടെ ന്യായീകരണം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പടത്തില്‍ മാത്രം കണ്ടില്ലല്ലോയെന്നായിരുന്നു അന്നുയര്‍ന്ന ചോദ്യം.

ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളെ കുറിച്ചുള്ള യു.പി.എസ്.സി പരീക്ഷയിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട വിവാദത്തോടും മമത ബാനര്‍ജി പ്രതികരിച്ചു. തികച്ചും രാഷ്ട്രീയപ്രേരിതവും അധിക്ഷേപകരവുമാണ് ഈ ചോദ്യങ്ങളെന്ന് മമത ബാനര്‍ജി പറഞ്ഞു.

പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയില്ലാതെ ബില്ലുകള്‍ പാസാക്കിയതിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പല ദിവസങ്ങളിലും വിട്ടുനിന്നതിനെയും മമത ബാനര്‍ജി ചോദ്യം ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mamata Banerjee slams PM Modi over his photo on Covid vaccination certificates

Latest Stories

We use cookies to give you the best possible experience. Learn more