കൊല്‍ക്കത്ത: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക റാലിയ്ക്കിടെ നടന്ന അക്രമസംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആദ്യം ദല്‍ഹിയെ നിയന്ത്രിക്കാന്‍ പഠിക്കൂ എന്നിട്ടാകാം ബംഗാളിനു നേരെ വരുന്നതെന്ന് മമത പറഞ്ഞു.
‘ഞങ്ങള്‍ എന്നും കര്‍ഷകരോടൊപ്പമാണ്. നിര്‍ബന്ധപൂര്‍വ്വമാണ് സര്‍ക്കാര്‍ ഈ നിയമം പാസാക്കിയത്. കര്‍ഷക പ്രക്ഷോഭത്തെ ബി.ജെ.പി പ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാരും കൂടിച്ചേര്‍ന്ന് വഷളാക്കി. ആദ്യം ദല്‍ഹിയെ കൈകാര്യം ചെയ്യാന്‍ പഠിക്കൂ. എന്നിട്ടാകാം ബംഗാള്‍’, മമത പറഞ്ഞു.
പൊലീസിനു പോലും ദല്‍ഹിയിലെ സംഘര്‍ഷത്തെ നിയന്ത്രിക്കാന്‍ ആയില്ലെന്നും മമത പറഞ്ഞു. ഇതേ സംഘര്‍ഷം ബംഗാളിലാണ് സംഭവിച്ചിരുന്നെങ്കില്‍ എന്തായിരിക്കും അമിത് ഷായുടെ പ്രതികരണമെന്നും മമത ചോദിച്ചു.
റിപബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ പൊലീസ് ഇതുവരെ 25 എഫ്.ഐ.ആറുകള്‍ എടുക്കുകയും 37 കര്‍ഷക നേതാക്കളെ പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
റിപബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിനിടെ ദല്‍ഹിയിലും ചെങ്കോട്ടയിലും ഐ.ടി.ഒ.യിലും ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.
കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് ദല്‍ഹി പൊലീസ് കേസെടുത്തത്. ബല്‍ബിര്‍ സിങ്ങ് രാജ്വല്‍, ദര്‍ശന്‍ പാല്‍, രാജേന്ദ്രര്‍ സിങ്ങ്, ഭൂട്ടാ സിങ്, ജോഗീന്ദ്രര്‍ സിങ്ങ് എന്നീ നേതാക്കളെയും പ്രതിചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിനിടെ മരിച്ച കര്‍ഷകനെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.