|

'നിങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ ബുള്‍ഡോസര്‍ പ്രയോഗിച്ചതുപോലെ ഒരിക്കല്‍ ജനം നിങ്ങളെയും ബുള്‍ഡോസ് ചെയ്യും,': മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അധികാരം ദുര്‍വിനിയോഗം ചെയ്ത് ബി.ജെ.പി ജനങ്ങളെ ബുള്‍ഡോസ് ചെയ്തതുപോലെ ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പിന് ബി.ജെ.പിയെ ബുള്‍ഡോസ് ചെയ്യുമെന്ന് മമത പറഞ്ഞു.

‘ജനങ്ങള്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് (ബി.ജെ.പി) ഒരു ബുള്‍ഡോസറായി മാറും. ശക്തമായ അധികാരത്തെ നിങ്ങള്‍ ദുരുപയോഗം ചെയ്തു. ജനാധിപത്യം നിങ്ങള്‍ തകര്‍ത്തു. പക്ഷെ അടുത്ത തെരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങളും ബി.ജെ.പിയും തമ്മിലായിരിക്കും. ജനങ്ങള്‍ നിങ്ങളേയും ബുള്‍ഡോസ് ചെയ്യും, തികച്ചും ജനാധിപത്യപരമായി തന്നെ,’ മമത പറഞ്ഞു.

പശ്ചിമ ബംഗാളില്‍ തുടരുന്ന കുടുംബ രാഷ്ട്രീയത്തെ നിര്‍ത്തലാക്കുമെന്ന് ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ മോദി പറഞ്ഞിരുന്നു. ഇതിനെതിരെയും മമത ബാനര്‍ജി പ്രതികരിച്ചിരുന്നു.

ബി.ജെ.പി ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവരെ മാത്രമേ രാജ്യത്ത് പണം നിക്ഷേപിക്കാന്‍ ബി.ജെ.പി അനുവദിക്കുന്നുള്ളൂവെന്നും തങ്ങള്‍ക്കും പണമുണ്ടാക്കാന്‍ കഴിയുന്നിടത്ത് മാത്രമേ ബി.ജെ.പി പണം നിക്ഷേപിക്കൂവെന്നും മമത പറഞ്ഞു.

പുതുതായി രൂപീകരിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ അധികകാലം നിലനില്‍ക്കില്ലെന്നും ഷിന്‍ഡെയുടെ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമാണെന്നും മമത പറഞ്ഞു.

‘ഷിന്‍ഡെ സര്‍ക്കാര്‍ അധികകാലം നിലനില്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇത് വഞ്ചനയിലൂടെ നേടിയെടുത്ത വിജയമാണ്. അവര്‍ക്ക് ഒരുപക്ഷേ സര്‍ക്കാരുണ്ടാക്കാന്‍ പറ്റിയിട്ടുണ്ടാകാം, പക്ഷേ ഒരിക്കലും ജനങ്ങളുടെ മനസ്സ് കീഴടക്കാനാവില്ല,’ മമത പറഞ്ഞു.

ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടന്നിരുന്നു.
വരും വര്‍ഷങ്ങളില്‍ ഉത്തരേന്ത്യക്ക് പുറമെ ദക്ഷിണേന്ത്യയിലും അധികാരം ഉറപ്പിക്കുമെന്ന് യോഗത്തില്‍ ബി.ജെ.പി വ്യക്തമാക്കിയിരുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യം ശക്തമാക്കുമെന്നും മുഖ്യ പ്രതിപക്ഷമാകുമെന്നും ബി.ജെ.പി പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യ ഒറ്റ കക്ഷിയാകുകയാണ് പ്രധാന ലക്ഷ്യമെന്നും അതിന് ശേഷം ഭരണം പിടിച്ചടക്കുമെന്നുമാണ് ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കിയത്.

ബി.ജെ.പി ഇനിയും 40 വര്‍ഷം ഇന്ത്യയില്‍ ഭരണത്തില്‍ തുടരുമെന്ന് അമിത് ഷാ യോഗത്തില്‍ പറഞ്ഞിരുന്നു.

യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുന്നതിനിടെ ‘വംശീയ രാഷ്ട്രീയം, ജാതീയത, പ്രീണന രാഷ്ട്രീയം’ എന്നിവ ‘ഏറ്റവും വലിയ പാപങ്ങളാണെന്നും’ വര്‍ഷങ്ങളായി രാജ്യം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണമാണെന്നും ഷാ പറഞ്ഞു. കുടുംബവാഴ്ചയുടെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ബി.ജെ.പി സര്‍ക്കാരിന്റെ ഭരണം രാജ്യത്തെ ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.

Content Highlight: Mamata banerjee slams BJP says people will bulldoze bjp democratically

Latest Stories