| Tuesday, 28th June 2022, 4:19 pm

'സത്യം പറയുന്നവരെ നിങ്ങള്‍ ലക്ഷ്യമിടും, അവര്‍ ആരെയെങ്കിലും കൊന്നാലും നിങ്ങള്‍ മിണ്ടില്ല': മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍, സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് എന്നിവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സത്യം പറയുന്നവരെ ലക്ഷ്യം വെക്കുകയാണെന്നും നിരന്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരുമില്ലെന്നും മമത പറഞ്ഞു.

‘ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഇടമാണ്. അവിടെ നിരവധി വ്യാജ വീഡിയോകളും ചതിയന്മാരായ കുറേ മനുഷ്യരുമുണ്ട്. നിങ്ങളുടെ നേതാക്കള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ നിങ്ങള്‍ നിശബ്ദരായിരിക്കും. അവര്‍ ആരെയെങ്കിലും കൊന്നാലും നിങ്ങള്‍ മിണ്ടില്ല.

പക്ഷേ ഞങ്ങള്‍ സത്യം പറഞ്ഞാല്‍ നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ തിരിയും. എന്തിനാണ് നിങ്ങള്‍ സുബൈറിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹം എന്താണ് ചെയ്തത്. നിങ്ങള്‍ എന്തിനാണ് ടീസ്തയെ അറസ്റ്റ് ചെയ്തത്? അവര്‍ എന്ത് തെറ്റാണ് ചെയ്തത്,’ മമത പറഞ്ഞു.

തിങ്കളാഴ്ചയാണ് ആള്‍ട് ന്യൂസ് സഹസ്ഥാപകന്‍ സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദല്‍ഹി പൊലീസാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരേ ട്വീറ്റ് ചെയ്തതിന്റെ പേരിലാണ് അറസ്റ്റ്.

ഐ.പി.സി 295 എ (മതവിശ്വാസങ്ങളെ അവഹേളിച്ചുകൊണ്ട് മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), സെക്ഷന്‍ 67 (ഇലക്ട്രോണിക് രൂപത്തില്‍ അശ്ലീലമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുക) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

2020ലെ കേസിലാണ് അറസ്റ്റ്. തീവ്രഹിന്ദുത്വ വാദി നേതാക്കളായ യതി നരസിംഹാനന്ദ്, മഹന്ത് ബജ്രങ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വര്‍ഗീയ വിദ്വേഷം പരത്തുന്നവരെന്ന് വിളിച്ചതിനാണ് മുഹമ്മദ് സുബൈറിനെതിരേ കേസെടുത്തിരുന്നത്. രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ ജില്ലാ തലവനായ ഭഗവാന്‍ ശരണ്‍ എന്നയാളുടെ പരാതിയിലാണ് നടപടി.

ശനിയാഴ്ചയായിരുന്നു സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദ് അറസ്റ്റിലായത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖകള്‍ ചമച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ടീസ്തയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.

Content Highlight: Mamata banerjee slams bjp over the arrest of alt news founder

We use cookies to give you the best possible experience. Learn more